
ബാലരാമപുരം: നടുറോഡിലെ കുഴി നാട്ടുകാരുടെ യാത്രയ്ക്ക് വെല്ലുവിളിയാകുന്നു. ബാലരാമപുരത്തിമഠം റസിഡന്റ്സ് അസോസിയേഷൻ പരിധിയിലെ പുല്ലൈകോണം, സ്പിന്നിംഗ് മിൽ റോഡുകൾ തകർന്നിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങുകയാണ്. ദേശീയപാതയിൽ മുടവൂർപ്പാറ ഭാഗത്തേക്കും ബാലരാമപുരം മാർക്കറ്റ്, സ്പിന്നിംഗ് മിൽ എന്നിവിടങ്ങളിലേക്കും പോകുന്ന ബൈറോഡുകളാണ് തകർന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ സമരം കടുപ്പിക്കാനാണ് നാട്ടുകാരുടെ നീക്കം. നിരവധി നിവേദനങ്ങളും പരാതികളും ബാലരാമപുരം പഞ്ചായത്തിന് കൈമാറിയിട്ടും എൽ.എസ്.ജി.ഡി എൻജിനീയറിംഗ് വിഭാഗം പ്രദേശം തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച ദൃശ്യങ്ങളും പി.എം.ആർ.എ ന്യൂസ് വഴി പ്രചരിക്കുകയാണ്.
കുഴിയിൽ ഓട്ടോറിക്ഷ
ആഴ്ചകൾക്ക് മുമ്പ് പുല്ലൈകോണം റോഡിൽ രൂപപ്പെട്ട ഗർത്തത്തിൽ ഓട്ടോറിക്ഷ അകപ്പെട്ടിരുന്നു. സ്കൂൾ വിദ്യാർത്ഥികൾക്കും പുലർച്ചെ സൈക്കിൾ സവാരി നടത്തുന്നവർക്കും ഇരുചക്രവാഹനങ്ങളിൽ സമീപവാർഡുകളിൽ നിന്നെത്തുന്നവർക്കും കുഴി ഭീഷണിയാണ്. നിത്യേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
പുല്ലൈക്കോണം റോഡാണ് ബാലരാമപുരം ടൗണിലേക്ക് പോകാനായി നാട്ടുകാർ ആശ്രയിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി റോഡ് പൊളിഞ്ഞ് കുണ്ടും കുഴിയും രൂപപ്പെട്ടിട്ട്. ചാണകവെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നതിനെതിരെയും നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി പിഴ ചുമത്തിയെങ്കിലും പശുഫാമിൽ നിന്നും ചാണകവെള്ളം റോഡിലൂടെ ഒഴുകുന്നതിനെതിരെ നാട്ടുകാരും പ്രതിഷേധത്തിലാണ്.
സമരത്തിലേക്ക്
ബാലരാമപുരം പഞ്ചായത്തിലെ മാതൃക റസിഡന്റ്സ് അസോസിയേഷനുകളിലൊന്നാണ് പരുത്തിമഠം റസിഡന്റ്സ് അസോസിയേഷൻ. റോഡിന്റെ ശോച്യാവസ്ഥ ഒഴിച്ചാൽ അസോസിയേഷനിലെ വികസനപ്രവർത്തനങ്ങൾക്ക് സ്വമേധയാ ഫണ്ട് കണ്ടെത്തി വികസനപ്രവർത്തനവുമായി മുന്നോട്ട് പോവുകയാണ്. തിരഞ്ഞെടുപ്പിനു മുമ്പ് പുല്ലൈക്കോണം, സ്പിന്നിംഗ് മിൽ റോഡുകൾ അധികൃതർ നവീകരിച്ചില്ലെങ്കിൽ ത്രിതല തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരണമുൾപ്പെടെയുള്ള സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജനാർദ്ദനൻ നായർ, സെക്രട്ടറി രഘുവരൻ, വൈസ് പ്രസിഡന്റുമാരായ സജ്ജാദ് സഹീർ, എം.ആർ.അനിൽകുമാർ,ജോ.സെക്രട്ടറി നസീർ, ബൈജു, അരുൺരാജ്, സജികുമാർ, പ്രസന്നകുമാരി, രാധിക എന്നിവർ പറഞ്ഞു. റോഡിലെ കുഴികളടയ്ക്കാൻ അടിയന്തരി നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.