
തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഇടത് കൈയിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു. ലോക്സഭാ-നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ വോട്ടിട്ടവരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം മാഞ്ഞു പോകാൻ ഇടയില്ലാത്തതിനാലാണിത്. ഡിസംബർ 10ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മാത്രമുള്ളതായിരിക്കുമിത്. സംസ്ഥാനത്തെ 31വാർഡുകളിലേക്കാണ് ഡിസംബർ ഉപതിരഞ്ഞെടുപ്പ്.
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ
ക്യാമ്പുകൾ ഇന്നു മുതൽ
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്" പദ്ധതിയുടെ ഭാഗമായുള്ള ദ്വിദിന ഉപജില്ലാ ക്യാമ്പുകൾ ഇന്ന് തുടങ്ങും. യൂണിസെഫിന്റെ സഹായത്തോടെയാണ് 260 ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
എ.ഐ സംവിധാനങ്ങളിലൂടെ ഭിന്നശേഷി കുട്ടികൾക്ക് പിന്തുണ നൽകാൻ സഹായിക്കുന്ന പ്രോഗ്രാം തയ്യാറാക്കലാണ് ക്യാമ്പുകളുടെ പ്രത്യേകത. സ്വതന്ത്ര സോഫ്റ്റ് വെയറുകളായ ഓപ്പൺ ടൂൺസ്, ബ്ലെൻഡർ തുടങ്ങിയവ ഉപയോഗിച്ച് കുട്ടികൾ പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിനുള്ള അനിമേഷൻ പ്രോഗ്രാമുകൾ തയ്യാറാക്കും. സ്കൂൾതല ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന15,668 കുട്ടികൾ ഉപജില്ലാക്യാമ്പുകളിൽ പങ്കെടുക്കും. ക്യാമ്പിനായി 1200 പരിശീലകരെ സജ്ജമാക്കിയെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു.
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധികുടിശ്ശിക അടയ്ക്കണം
തിരുവനന്തപുരം:കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സോഫ്റ്റ്വെയറും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സോഫ്റ്റ്വെയറുമായുള്ള ലിങ്ക് പുനഃസ്ഥാപിച്ചു. പരിവാഹൻ ഡീ-ലിങ്ക് ചെയ്ത കാലയളവിൽ ഉടമാ വിഹിതം കുടിശ്ശിക വരുത്തിയവർ കുടിശ്ശിക 4 തവണകളായി അടയ്ക്കാൻ അതത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.