p

തിരുവനന്തപുരം: ഉപയോഗിക്കാത്ത വെള്ളത്തിനും നിരക്ക് ഈടാക്കുന്നുവെന്ന പരാതിയിൽ പരിഹാരമില്ല. അമിത നിരക്ക് താങ്ങാനാവാതെ ജൽജീവൻ മിഷൻ പദ്ധതി പ്രകാരം ലഭിച്ച കുടിവെള്ള കണക്ഷൻ ഉപേക്ഷിച്ചത് നാല് ലക്ഷത്തോളം പേർ. 71.5 ലക്ഷംപേർക്ക് കണക്ഷൻ നൽകാൻ ലക്ഷ്യമിട്ട് 2020ലാണ് പദ്ധതി തുടങ്ങിയത്. ഗ്രാമീണ മേഖലയിൽ എല്ലാവർക്കും കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതിയാണിത്. എന്നാൽ, ഉപേക്ഷിക്കുന്നവരുടെ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വാട്ടർ അതോറിട്ടി തയ്യാറാകുന്നില്ല.

കണക്ഷൻ സൗജന്യമായാണ് ലഭ്യമാക്കുന്നത്. 10,​000 ലിറ്റർ വരെയുള്ള ഉപയോഗത്തിന് പ്രതിമാസം 144.10 രൂപയാണ് കുറഞ്ഞ നിരക്ക്. തുടർന്ന് 15,000, 20,000 ലിറ്റർ എന്ന കണക്കിൽ സ്ലാബ് അടിസ്ഥാനത്തിൽ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഏതെങ്കിലും മാസം കൂടുതൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ തുടർന്നുള്ള മാസങ്ങളിലും ഇത് അടിസ്ഥാനമാക്കി ബില്ല് നൽകുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി.

ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്കിനനുസരിച്ചല്ല ബില്ലിംഗ്. ഇത്തരത്തിൽ 900 രൂപയിലധികം പ്രതിമാസം ബില്ല് അടയ്ക്കേണ്ടി വരുന്നു. ഇത് താങ്ങാനാവുന്നില്ല. പരാതി നൽകിയാലും ഫലമുണ്ടാകുന്നില്ല. പലയിടത്തും വെള്ളം കൃത്യമായി കിട്ടാറുമില്ല. റീഡിംഗ് കൃത്യമായി എടുക്കാറില്ലെന്നും ആക്ഷേപമുണ്ട്. അമിത ബിൽത്തുക വന്നതോടെ കിണറുൾപ്പെടെ മറ്റ് ജലസ്രോതസുകൾ ഉള്ളവരാണ് അപേക്ഷ നൽകി കണക്ഷൻ വേണ്ടെന്ന് വയ്ക്കുന്നത്.

ഇതുവരെ 37.89 ലക്ഷം കണക്ഷനുകൾ

1.ആകെ 71.5 ലക്ഷം കണക്ഷനുകൾ ലക്ഷ്യം. ഇതുവരെ നൽകിയത് 37.89 ലക്ഷം

2.പദ്ധതി തുടങ്ങുന്നതിന് മുമ്പുള്ള 17.5 ലക്ഷം കണക്ഷനും ഇതിൽ ഉൾപ്പെടുത്തി

3.നൽകിയ 7 ലക്ഷം കണക്ഷനുകളിൽ കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ല

4.സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം 2025 ഒക്ടോബർവരെ പദ്ധതി നീട്ടി

5.പദ്ധതിയിൽ 50 ശതമാനം വീതം കേന്ദ്ര, സംസ്ഥാന വിഹിതം

44,714 കോടി

ആകെ പദ്ധതിച്ചെലവ്

24,000 കോടി

ഇതുവരെ ചെലവിട്ടത്

''സൗജന്യ കണക്ഷന്റെ പേരിൽ അമിതമായി ജലം ഉപയോഗിക്കുന്നതാണ് നിരക്ക് ഉയരാൻ കാരണം

-വാട്ടർ അതോറിട്ടി