stadium

വർക്കല: വർക്കല ഇടവയിലെ തോമസ് സെബാസ്റ്റ്യൻ ഇൻഡോർ സ്‌റ്റേഡിയ നിർമ്മാണം കരാറുകാരുടെ വീഴ്ചയും പ്രവർത്തന പോരായ്മയും മൂലം ഇഴഞ്ഞുനീങ്ങുന്നു.കായിക യുവജനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന 14 ജില്ലാ സ്‌റ്റേഡിയങ്ങളിൽ ഒന്നാണ് ഇടവയിലേത്. സ്റ്റേഡിയം നിർമ്മാണത്തിനായി കിഫ്ബിയിൽ നിന്ന് 58.47 കോടി രൂപയുടെ ഭരണാനുമതിയും 34.26 കോടി രൂപയുടെ സാമ്പത്തികാനുമതിയും നൽകിയിരുന്നു. എന്നാൽ അടങ്കൽ തുക നിശ്ചയിച്ച് നിർമ്മാണച്ചുമതല വഹിച്ചിരുന്ന കിറ്റ്കൊ പദ്ധതിയിൽ പാളിച്ച വരുത്തിയതായാണ് കണ്ടെത്തൽ.

സർക്കാർ തലത്തിൽ നടന്ന ചർച്ചകളിൽ പോലും പങ്കെടുക്കാൻ കമ്പനി തയ്യാറാകാത്തതിനെ തുടർന്ന്

കിറ്റ്കൊയെ നീക്കി നിർമ്മാണച്ചുമതല സ്പോർട്സ് കേരള ഫൗണ്ടേഷനെ സർക്കാർ ചുമതലപ്പെടുത്തി.

നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ പൂർണമായും തിരികെ നൽകാനും സ്പോർട്സ് വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

സ്റ്റേഡിയത്തിന്റെ നാൾവഴികൾ

1987ൽ ഇടവ ഗ്രാമത്തിലെ കായികപ്രേമികൾ ഒരു സമിതി രൂപീകരിച്ചുകൊണ്ടാണ്‌ സ്റ്റേഡിയം നിർമ്മാണത്തിനുള്ള ശ്രമം ആരംഭിച്ചത്.പഞ്ചായത്തിലെ വെൺകുളം മേക്കുളം ഏലായിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയത്.വർക്കല രാധാകൃഷ്ണൻ എം പി,സുശീലാഗോപാലൻ എന്നിവരായിരുന്നു സമിതിയുടെ രക്ഷാധികാരികൾ.2 രൂപ മുതൽ 2000 രൂപ വരെ സംഭാവന സ്വീകരിച്ച് 4 ഏക്കർ 88 സെന്റ് ഭൂമി നാട്ടുകാർ വിലയ്ക്ക് വാങ്ങി.അളവിൽ കൂടുതലുണ്ടായിരുന്ന 37 സെന്റ് ഭൂമിയും ചേർത്ത് 5ഏക്കർ 25 സെന്റ് 1989ൽ പഞ്ചായത്തിന് കൈമാറുകയും ചെയ്തു. സ്റ്റേഡിയത്തിന്റെ നിർമ്മാണച്ചെലവ് താങ്ങാൻ കഴിയില്ലെന്ന് മനസിലാക്കിയ പഞ്ചായത്ത് ഭരണസമിതി 2003ൽ പൊതുജനതാത്പര്യാർത്ഥം വസ്തു സ്പോർട്സ് കൗൺസിലിന്റെ പേരിൽ പ്രമാണം ചെയ്ത് നൽകി.

ആകെ നടന്നത്

210 മീറ്റർ നീളവും 105 മീറ്റർ വീതിയുമുള്ള ട്രാക്കും അതോടൊപ്പം ഡ്രസിംഗ് റൂം ഉൾപ്പെടെ 2 മുറികളുള്ള ഒരു കെട്ടിടവും സ്പോർട്സ് കൗൺസിൽ നിർമ്മിച്ചു.എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപയ്ക്ക് ചുറ്റുമതിലും നിർമ്മിച്ചു.2016 -17 ലെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി സ്‌റ്റേഡിയത്തിന്റെ നിർമ്മാണത്തിനായി സ്‌പോർട്‌സ് കൗൺസിലിന് സർക്കാർ തുക അനുവദിച്ചിരുന്നു.2019 ൽ 34.26 കോടി രൂപ അടങ്കൽത്തുക നിശ്ചയിച്ച് കിറ്റ്കൊ നിർമാണച്ചുമതല ഏറ്റെടുത്തെങ്കിലും പദ്ധതി നിലച്ചു.