കിളിമാനൂർ: കിളിമാനൂർ കീഴടക്കി തെരുവുനായ്ക്കൾ.രാത്രിയായാൽ ഇവയുടെ ശല്യം രൂക്ഷമാണ്.യാത്രക്കാരെയും
പത്രവിതരണക്കാരെയും ഇവറ്റകൾ ആക്രമിക്കുന്നതായും പരാതിയുണ്ട്.
ബൈക്കിൽ യാത്ര ചെയ്യുന്നവരുടെ പിറകെ ഒറ്റയ്ക്കും കൂട്ടമായും കുരച്ചുകൊണ്ട് ഓടുന്നതും പതിവ് കാഴ്ചയാണ്.ചില യാത്രക്കാർ ഭയന്ന് അപകടത്തിൽപ്പെടുന്നതും പതിവാണ്.
തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും, പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടുമൊന്നും ഫലം കാണുന്നില്ല.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.സ്‌കൂൾ പരിസരങ്ങളിൽ നായ്ക്കൾ കൂട്ടം കൂടി നിൽക്കുന്നത് വിദ്യാർത്ഥികൾക്കും ഭീഷണിയാണ്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
മാലിന്യനിക്ഷേപം പതിവ്
അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവുനായ്ക്കൾ പെരുകാൻ പ്രധാന കാരണം.മാലിന്യ നിർമാർജ്ജനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ പറയുമ്പോഴും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്.
ആക്രമണം തുടരുന്നു
മാസങ്ങൾക്ക് മുൻപ് ആറ്റൂരിൽ കോഴിഫാമിൽ കയറി നൂറോളം കോഴികളെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്.കഴിഞ്ഞ ദിവസം പോങ്ങനാട് ജാഫർ എന്നയാൾക്ക് പേപ്പട്ടിയുടെ കടിയേറ്റു.പതിനഞ്ചോളം തെരുവുനായ്ക്കൾക്കും കടിയേറ്റു.
പത്രവിതരണത്തിന് പോകുമ്പോൾ തെരുവുനായ്ക്കൾ പിറകെ കുരച്ച് കൊണ്ട് വരാറുണ്ട്. ഏത് നിമിഷവും ദേഹത്ത് ചാടി വീഴാമെന്ന ഭയത്തിലാണ് സഞ്ചരിക്കുന്നത്.ഇപ്പോൾ പത്രവിതരണം ഓട്ടോയിലാണ്.
സുനിൽ ഇരട്ടച്ചിറ, പത്രം ഏജന്റ്