
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്കു മുന്നിൽ ഏതാനും ദിവസങ്ങളായി ധർണ ഉൾപ്പെടെയുള്ള സമരപരിപാടികൾ അരങ്ങേറുകയാണ്. ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ നിന്ന് പത്തു രൂപ ഒ.പി ടിക്കറ്റ് ഫീസായി ഈടാക്കാനുള്ള ആശുപത്രി വികസന സമിതിയുടെ തീരുമാനമാണ് സമരത്തിനു കാരണം. ഇരുപതു രൂപ ഈടാക്കാനായിരുന്നു വികസന സമിതിയുടെ ആദ്യ തീരുമാനം. സമരക്കാർ ഉടനെ ചാടിവീണതുകൊണ്ട് അത് പത്തു രൂപയായി കുറയ്ക്കാൻ തീരുമാനമെടുക്കുകയായിരുന്നു. പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തിൽ അത് അഞ്ചുരൂപയായി കുറയ്ക്കാനും ആലോചന നടക്കുന്നുണ്ടത്രേ. ഫീസ് ചുമത്താനുള്ള തീരുമാനത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ആരോഗ്യവകുപ്പായതിനാൽ പ്രശ്നം സർക്കാരിനുവിട്ട് വികസന സമിതിക്കാർ കൈകെട്ടിയിരിക്കുകയാണ്. ഒ.പി ടിക്കറ്റിന് ഫീസ് ചുമത്താൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെയും അറിയിപ്പ്.
വളരെ നിസ്സാരമായ ഒരു പ്രശ്നം ഹിമാലയ പ്രശ്നമായി ഉയർത്തിക്കാട്ടി മെഡിക്കൽ കോളേജിൽ സമരം നടത്താൻ നാണമില്ലേ എന്നു ചോദിക്കുന്നതിൽ കഥയില്ല. പ്രതിപക്ഷത്തിരുന്ന് ചെയ്യാൻ കാര്യമായ വിഷയങ്ങളൊന്നുമില്ലെങ്കിൽ ഏതു നിസ്സാര കാര്യവും വലിയ വിഷയമാകും. അതുപോലെ ഒന്നാണ് ഈ ഒ.പി ടിക്കറ്റ് പ്രശ്നവും. സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുന്നവർക്കറിയാം, ഇന്ന് പത്തു രൂപയുടെ മൂല്യം എത്രയെന്ന്. പത്തു രൂപ വച്ചു നീട്ടിയാൽ ഭിക്ഷക്കാർ പോലും ആദ്യമൊന്നു മടിക്കും. രൂപയുടെ മൂല്യം അത്രകണ്ട് ഇടിഞ്ഞതാണ് കാരണം. അപ്പോൾ സ്വന്തം ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നയാൾ പത്തുരൂപ നൽകി ഒ.പി ടിക്കറ്റ് എടുക്കണമെന്നു പറയുന്നതിൽ എന്താണ് അനീതി? ഏതു സർക്കാർ സേവനവും സൗജന്യമായിത്തന്നെ ലഭിക്കണമെന്ന് ശാഠ്യം പിടിക്കുന്നതെന്തിനാണ്?
ഇവർ തന്നെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണുന്നതിന് 400 മുതൽ 700 രൂപ വരെ നൽകി ഒ.പി ടിക്കറ്റെടുക്കുമ്പോൾ ഒരു പരാതിയും ഉയരാറില്ല. സർക്കാർ വക തന്നെ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഇപ്പോൾത്തന്നെ ഒ.പി ടിക്കറ്റിന് ഫീസുണ്ട്. വാ കീറിയാൽ കുഞ്ഞിന് അന്നവും
ലഭിക്കുമെന്ന ഒരു പഴഞ്ചൊല്ലുണ്ട്. സർക്കാർ സേവനങ്ങളെല്ലാം സൗജന്യമാണെന്ന ധാരണ ഇതിൽ നിന്നുണ്ടായതാകാം. ആശുപത്രിയികളിൽ ഈടാക്കുന്ന ഒ.പി ടിക്കറ്റ് ഫീസ് ആരും വീടുകളിലേക്കു കൊണ്ടുപോകുന്നില്ല. ആശുപത്രി വികസന കാര്യങ്ങൾക്കായാണ് ആ തുക വിനിയോഗിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രികളിലെ സൗകര്യങ്ങൾ പോലും വലിയ സ്വകാര്യ ആശുപത്രികളുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രമാത്രം പരാധീനതകളുള്ളതാണെന്ന് എല്ലാവർക്കുമറിയാം. പത്തുരൂപ ഒ.പി ടിക്കറ്റിന് നൽകാൻ കഴിവില്ലാത്തവർ ഇന്നു കേരളത്തിൽ ഒരിടത്തുമുണ്ടാകില്ല എന്നതും യാഥാർത്ഥ്യമാണ്.
പാവപ്പെട്ട രോഗികളെ കൊള്ളയടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിനു മുമ്പിൽ കോൺഗ്രസിന്റെ പ്രതിഷേധമുറ ഉദ്ഘാടനം ചെയ്ത യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞത്. ഇതിൽ കൊള്ളയും കവർച്ചയും എവിടെ?
യൂസർ ഫീ ഇന്ന് ലോകമാകെ അംഗീകരിക്കപ്പെട്ട സമ്പ്രദായമാണ്. സർക്കാർ സേവനത്തിനും ജനങ്ങൾ പല തരത്തിലുള്ള ഫീസ് നൽകാറുണ്ട്. രാജ്യമാകെ നടക്കുന്ന ദേശീയപാതാ വികസനത്തിനാവശ്യമായ പണമുണ്ടാക്കുന്നത് ടോൾ പിരിച്ചാണ്. വികസനത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കണമെങ്കിൽ ജനങ്ങളും അതിനൊത്തു നീങ്ങേണ്ടതുണ്ട്. മെഡിക്കൽ കോളേജിന്റെ വികസനാവശ്യങ്ങളുടെ ചെറിയൊരു ഭാഗം പോലും നിർവഹിക്കാൻ ഒ.പി ടിക്കറ്റ് പിരിവ് മതിയാകില്ലെന്നിരിക്കെ, അനാവശ്യ സമരമുറകളിൽ നിന്നു പിന്തിരിയാൻ എല്ലാവരും തയ്യാറാകണം. സർക്കാരിനെതിരെ സമരം നയിക്കാൻ വേറെ എന്തെല്ലാം വിഷയങ്ങൾ കിടക്കുന്നു!