
പാലോട്: ഉത്സവ രാവുകൾ തുടങ്ങാനിരിക്കെ ഗ്രാമങ്ങളിലെ കലാകാരന്മാരും ഉഷാറാകുന്നു. സ്റ്റേജ് കലാകാരന്മാർക്ക് ഒരുവർഷത്തെ പ്രതീക്ഷ നൽകുന്ന കാലം. നന്ദിയോട് കേന്ദ്രീകരിച്ച് പതിനഞ്ചോളം പ്രൊഫഷണൽ നൃത്തനാടക സമിതികളും ചെറുഡാൻസ് സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. നവോദയ എന്ന പേരിൽ തുടങ്ങിയ സാംസ്കാരിക സംഘടനയാണ് നൃത്തനാടകം എന്ന ആശയം ആദ്യം നടപ്പിലാക്കിയത്. അന്ന് അഭിനേതാക്കളെ കൂടാതെ പാട്ടുകാരും ഓർക്കസ്ട്രയും സ്റ്റേജിൽ തന്നെ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തായിരുന്നു. കാലക്രമേണ നാം ഇന്ന് കാണുന്ന ഡിജിറ്റൽ യുഗത്തിലേക്ക് മാറിയപ്പോഴും അഭിനേതാക്കളും സഹായികളും ഈ കലയെ ജീവനുതുല്യം സ്നേഹിക്കുന്നവരും മാറ്റങ്ങൾ ഉൾക്കൊണ്ട് ഉറച്ചുനിന്നു. ഒരു സമിതിയിൽ കുറഞ്ഞത് 30 പേരെങ്കിലും ഉണ്ടാകും. ഒരു ഉത്സവ സീസണിൽ ഇവർക്ക് ലഭിക്കുന്ന പ്രതിഫലമാണ് ഇവരുടെ ജീവിതസ്വപ്നങ്ങൾ തുന്നിച്ചേർക്കുന്നത്. വീട് നിർമ്മാണം, മക്കളുടെ വിവാഹം,ചികിത്സ തുടങ്ങി നിരവധി കാര്യങ്ങളാണ് ഈ മേഖലയിൽ നിന്നുള്ള വരുമാനത്തിൽ നിന്നും ചെയ്തുതീർത്തത്.
നവോദയ, കലാക്ഷേത്ര, സരോവര, സ്വരസാഗര, ആവണി തുടങ്ങിയ കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ പ്രൊഫഷണൽ സമിതികളുടെ കേന്ദ്രമാണ് നന്ദിയോട്.
നാടകം, കാക്കാരിശ്ശി നാടകം, നാടൻ പാട്ടുസംഘങ്ങൾ, ഗാനമേള, മിമിക്സ്, നൃത്ത സംഘങ്ങൾ ഇങ്ങനെ പോകുന്നു നന്ദിയോടിന്റെ കലാമേഖല.
കലാകാരന്മാർക്ക് ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കാനുള്ള നടപടികളും സ്വീകരിക്കണമെന്ന് ആവശ്യം
ജീവിതം ദുരിതപൂർണം
സ്റ്റേജ് കലാകാരന്മാർക്ക് സർക്കാരിൽ നിന്ന് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നാണ് പരാതി. അസുഖം ബാധിച്ചോ അപകടത്തിൽപ്പെട്ടോ കിടപ്പിലാകുന്ന കലാകാന്മാരുടെ ജീവിതം പിന്നെ നരക തുല്യമാണ്. കൃത്യമായി ചികിത്സ നൽകാൻ സാമ്പത്തികമില്ലാതെ കഷ്ടപ്പെടുന്നവർ നിരവധിയാണ്. രാത്രി പത്തു മണി വരെ മാത്രമേ സൗണ്ട് സിസ്റ്റം പ്രവർത്തിക്കാവൂ എന്ന നിബന്ധന നിലനിൽക്കേ ഏറെ ഇരുട്ടിയും പരിപാടികൾ നടത്താൻ കഴിയാതെ വരും.