കിളിമാനൂർ: കുറവൻകുഴി അടയമൺ റോഡിൽ വയ്യാറ്റിൻകര പാലം പണി കഴിഞ്ഞ് യാത്രയ്ക്കായി തുറന്നുകൊടുത്തിട്ട് അധികനാളുകളായില്ല.ഈ റോഡ് വഴി അമിതഭാരവുമായി തലങ്ങും വിലങ്ങും ചീറിപ്പായുന്ന ടിപ്പർലോറികൾ കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ പേടിയാണ്.
തൊളിക്കുഴി,അടയമൺ,വയ്യാറ്റിൻകര,കുറവൻകുഴി,ചിറ്റിലഴികം,പറപ്പമൺ,മിഷ്യൻകുന്ന്,ആനന്ദൻമുക്ക് പ്രദേശം മുഴുവൻ ഏതുനേരവും ഈ വാഹനങ്ങളെ പ്രതീക്ഷിക്കാം.ടിപ്പർലോറികളുടെ അമിതപാച്ചിലിനെതിരെ നാട്ടുകാർ പൊലീസ് സ്റ്റേഷനിലും പഞ്ചായത്തിലും പി.ഡബ്ല്യു.ഡി ഓഫീസിലും പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
കുഴികൾ മാത്രം
അഞ്ചരമീറ്റർ മാത്രം ടാറിംഗ് വീതിയുള്ള റോഡിലാണ് അമിതഭാരവുമായി വാഹനങ്ങൾ കടന്നുപോകുന്നത്.പലപ്പോഴും ഇവിടെ സ്ഥാപിച്ചിരിക്കുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകും.ഇതിനുപിന്നാലെ റോഡ് വെട്ടിപ്പൊളിച്ച് അതോറിട്ടി പൈപ്പ് നന്നാക്കും,പക്ഷേ കുത്തിപ്പൊളിച്ച റോഡിൽ ടാറിംഗ് മാത്രം കാണില്ല.
അപകടങ്ങളും പതിവ്
തൊളിക്കുഴി മുതൽ കുറവൻകുഴി വരെയുള്ള റോഡിൽ എൽ.പി,യു.പി വിഭാഗത്തിൽ നാലോളം സ്കൂളുകളാണ് ഉള്ളത്. രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിൽ ടിപ്പർ വാഹനങ്ങൾ ഓടിക്കരുതെന്ന് നിയമമുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല.ഈ റോഡിലെ പ്രധാന ഒരു ഇറക്കമായ അടയമണ്ണിൽ പലപ്പോഴും അപകടങ്ങൾ പതിവാണ്.
ചതുപ്പും വയലുമായ പ്രദേശങ്ങൾ നികത്തി നിർമ്മിച്ച റോഡുകളാണ് പ്രദേശത്തുള്ളത്.അനുവദനീയമായ വാഹനങ്ങളെക്കാൾ വലതും ലോഡ് കൂടുതലുമായ വാഹനങ്ങൾ ഓടി ആധുനിക നിലവാരത്തിൽ പണിത റോഡുകളാണ് തകരുന്നത്.നിരവധി അപകടങ്ങളും ഉണ്ടാകുന്നു.അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണം.
അടയമൺ മുരളീധരൻ