
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ രാജി വയ്ക്കേണ്ടതില്ലെന്ന് പാർട്ടി നിലപാടെടുത്തെങ്കിലും പ്രസംഗത്തിലെ ഭരണഘടനാ അവഹേളനം ഹൈക്കോടതി ശരി വച്ചതിനാൽ , പ്രതിസന്ധി ഒഴിയുന്നില്ല.. സ്വകാര്യ ഹർജിയിൽ കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുമെന്നുറപ്പായതോടെയാണ് ആദ്യവട്ടം സജി ചെറിയാൻ രാജി വച്ചത്.കുറ്റം നിലനിൽക്കുമെന്നും അന്വേഷണത്തിൽ ഗുരുതരപാളിച്ചയുണ്ടായെന്നും ഹൈക്കോടതി പറഞ്ഞതോടെ സ്ഥിതി അന്നത്തേതിലും ഗുരുതരമാണ്.
മന്ത്രിപദമൊഴിഞ്ഞ ശേഷമുള്ള അന്വേഷണത്തിലാണ് പൊലീസിന്റെ അട്ടിമറി ഹൈക്കോടതി കണ്ടെത്തിയത്. പ്രസംഗത്തിന്റെ ഫോറൻസിക്, മന്ത്രിയുടെ ശബ്ദപരിശോധനാ റിപ്പോർട്ടുകൾ ലഭിക്കും മുൻപേ ധൃതിപിടിച്ച് ക്ലീൻചിറ്റ് നൽകിയത് റദ്ദാക്കിയ ഹൈക്കോടതി, നിഷ്പക്ഷനായ ഉദ്യോഗസ്ഥൻ അന്വേഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്. മന്ത്രിസ്ഥാനത്തുള്ള സജി ചെറിയാനെതിരേ ക്രൈംബ്രാഞ്ചിന് അന്വേഷണം നടത്താൻ പരിമിതികളുണ്ട്. കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കിയതിനാൽ ഇനി ശാസ്ത്രീയാന്വേഷണം കൂടിയേ തീരൂ.
ഭരണഘടനയെ അവഹേളിച്ചതല്ല, വിമർശിച്ചതാണെന്ന വാദവും നിലനിൽക്കില്ല. കുന്തം, കുടച്ചക്രം തുടങ്ങിയ പ്രയോഗങ്ങളിൽ ബഹുമാനക്കുറവില്ലെന്ന് കരുതാനാവില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. കേന്ദ്ര നിയമ പ്രകാരം ഭരണഘടനാ ഭേദഗതിക്ക് വഴിയൊരുക്കുന്ന ആരോഗ്യപരമായ വിമർശനം കുറ്റകരമല്ല. എന്നാൽ, ബ്രിട്ടീഷുകാരൻ എഴുതി നൽകിയതെന്നും ജനങ്ങളെ കൊള്ളയടിക്കാനുള്ളതാണെന്നുമുള്ള പ്രസംഗം ഭരണഘടനയോടുള്ള അവഹേളനവും,സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് നിയമവിദഗ്ധർ പറയുന്നു..മന്ത്രി മാറണമെന്ന് കോടതി പറഞ്ഞിട്ടില്ലെന്നാണ് രാഷ്ട്രീയ വ്യാഖ്യാനം. എന്നാൽ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളി തുടരന്വേഷണം ആവശ്യപ്പെട്ടായിരുന്നു അഡ്വ.ബൈജു നോയലിന്റെ റിട്ട്ഹർജി.അന്വേഷണം പരമാവധി നീട്ടിക്കൊണ്ടുപോയി മന്ത്രിയുടെ അവശേഷിക്കുന്ന ഒന്നരവർഷക്കാലം തട്ടിനീക്കുകയാവും ക്രൈംബ്രാഞ്ചിന്റെ തന്ത്രം.
സജിചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് ഹാജരാക്കിയതോടെയാണ് രണ്ടാംവട്ടം മന്ത്രിയാക്കാൻ ഗവർണർ അനുവദിച്ചത്. വീണ്ടും മന്ത്രിയാവുന്നതിൽ നിയമപ്രശ്നമില്ലെന്ന് മുഖ്യമന്ത്രി കത്തും നൽകി. ഹൈക്കോടതി ഉത്തരവിന്റെ സാഹചര്യത്തിൽ രാജി തീരുമാനം സർക്കാരും മന്ത്രിയും തീരുമാനിക്കട്ടെ എന്നായിരുന്നു ഗവർണർ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
'മുൻപത്തെ രാജിയേക്കാൾ തീവ്രമായ സാഹചര്യമാണിപ്പോൾ. ഭരണഘടനയോടുള്ള അവഹേളനമുണ്ടായെന്ന് ഹൈക്കോടതി വിധിയിൽ പകൽപോലെ വ്യക്തമാണ്.''
-എം.ആർ.അഭിലാഷ്, സുപ്രീംകോടതി അഭിഭാഷകൻ