
ചെന്നൈ: തമിഴ്നാട്ടിലെ നാം തമിഴർ കക്ഷിയുടെ ചീഫ് കോർഡിനേറ്ററും ചലച്ചിത്രകാരനുമായ സീമാൻ ഇന്നലെ സൂപ്പർസ്റ്റാർ രജനികാന്തിനെ പോയസ് ഗാർഡനിലെ വസതിയിലെത്തി സന്ദർശിച്ചത് രാഷ്ട്രീയ രംഗത്തും സിനിമാ രംഗത്തും ചർച്ചയായി. താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ നിശിതമായി വിമർശിക്കന്ന സീമാൻ രജനികാന്തിനെതിരെയും വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഒടുവിൽ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തേയും. വിമർശനം പലപ്പോഴും അതിരുവിട്ടതാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് രജനിയുമായുള്ള കൂടിക്കാഴ്‌ച.
ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ ഇന്നലെ പുറത്തുവന്നതോടെ സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ചർച്ചകൾ കൊഴുത്തു. രജനികാന്തിനോടുള്ള ആദരവ് കാരണമാണ് അദ്ദേഹത്തെ സന്ദർശിച്ചതെന്ന് സീമാൻ ഒരു തമിഴ് മാദ്ധ്യമത്തോട് പ്രതികരിച്ചു. ''അനുഭവ സമ്പത്തുള്ള ആളാണ് രജനികാന്ത്. ഇക്കാലത്ത് സത്യസന്ധമായി നേർവഴി സഞ്ചരിക്കുക എന്നത് ബുദ്ധിമുട്ടാണ്.'' രജനികാന്തുമായി രാഷ്ട്രീയവും സംസാരിച്ചെന്ന് വെളിപ്പെടുത്തി.
രജനികാന്തിനെ ചിലർ 'സങ്കി' എന്നു വിശേഷിപ്പിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. ''സങ്കി എന്നാൽ സഹതോഴൻ, നൻപൻ എന്നാണ് അർത്ഥം. ഇവിടെ ഡി.എം.കെയെ എതിർക്കുന്നവരെയെല്ലാം സങ്കി എന്ന് പറയുകയാണ്. രാവിലെ മകനും വൈകിട്ട് അച്ഛനും പോയി പ്രധാനമന്ത്രിയെ കാണുകയാണ്. അവരെ എന്ത് പേരിട്ടു വിളിക്കും?'' സീമാൻ സ്റ്റാലിനേയും ഉദയനിധി സ്റ്റാലിനേയും ലക്ഷ്യമിട്ട് ചോദിച്ചു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' അവസാനവട്ട ജോലിയിലാണ് രജനികാന്ത്. സീമാൻ തന്റെ സിനിമയിലേക്ക് രജനിയെ ക്ഷണിച്ചെന്നും പറയപ്പെടുന്നു.
അന്ന് രൂക്ഷ വിമർശനം
2019ൽ രജനിയിൽ രാഷ്ട്രീയ പ്രവേശന സൂചന നൽകിയപ്പോ സീമാൻ രൂക്ഷമായി വിമർശിച്ചു. സിനിമയിൽ അഭിനയിക്കുന്നവരെ നടന്മാരെന്ന് വിളിച്ചാൽ മതി. താരത്തെ തലൈവർ എന്നും നേതാവെന്നും വിളിക്കുന്നവരെ കൊല്ലണമെന്നും സീമാൻ പറഞ്ഞു. ''സ്‌ക്രീനിൽ മാത്രമാണ് നടന്മാർ നേതാവാകുന്നത്. ടെലിവിഷൻ ചാനലിൽപ്പോലും പലരും തലൈവർ എന്നാണ് രജനിയെ വിശേഷിപ്പിക്കുന്നത്. അതിന് പിന്നിലെ കാരണം എന്തെന്ന് മനസ്സിലാകുന്നില്ല. രജനീകാന്തിനെപ്പോലുള്ളവരെനേതാവെന്ന് വിളിച്ചാൽ കാമരാജിനെപ്പോലുള്ളവരെ സാമൂഹിക വിരുദ്ധരെന്ന് വിളിക്കാനാവുമോ?''
കർണാടകയിൽ നിന്ന് മുഖ്യമന്ത്രിയെ സ്വീകരിക്കേണ്ട ഗതികേട് തമിഴ്നാടിനില്ലെന്നും സീമാൻ പറഞ്ഞിരുന്നു