secreatariat

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ വനിതാ ടോയ്ലറ്റിൽ ക്ളോസറ്റ് തകർന്ന് ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥയെ ഇന്നലെ രാവിലെ ഐ.സി.യുവിൽ നിന്ന് റൂമിലേക്ക് മാറ്റി. സംഭവത്തിൽ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും, ആശുപത്രി വിട്ട ശേഷമേ തീരുമാനമെടുക്കൂവെന്നും കുടുംബാംഗങ്ങൾ കേരള കൗമുദിയോട് പറഞ്ഞു..

നന്നേ ക്ഷീണിതയായ ഉദ്യോഗസ്ഥയ്ക്ക് കഴിഞ്ഞ ദിവസം രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഡോക്ടർമാർ പരിപൂർണ വിശ്രമം നിർദ്ദേശിക്കുകയും സന്ദർശകരെ വിലക്കുകയും ചെയ്തു. ഇന്നലെ പനിയും അനുഭവപ്പെട്ടതായി കുടുംബം അറിയിച്ചു.ഇടുപ്പിന്റെ പിൻഭാഗത്ത് 14 സെ.മീ നീളത്തിലും 4.84 ആഴത്തിലുമുള്ള മുറിവിന് 14 തുന്നലുകളാണ് ഇട്ടിട്ടുള്ളത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.05 ഓടെ ഓഫീസിലെ മീറ്റിംഗിന് ശേഷം ഉദ്യോഗസ്ഥ ടോയ്ലറ്റിൽ പോയപ്പോഴായിരുന്നു അപകടം. ജനറൽ ആശുപത്രിയിലെത്തിച്ച് തുന്നലിട്ട ശേഷമാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തദ്ദേശവകുപ്പിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഇവർ ചെങ്ങന്നൂർ സ്വദേശിയാണ്. അമ്പലമുക്കിലാണ് താമസം. ഉദ്യോഗസ്ഥയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സർക്കാരിനെ സമീപിക്കുമെന്ന് പ്രസിഡന്റ് എം.എസ് ഇർഷാദ് അറിയിച്ചു.