
വർക്കല: കൊലപാതകശ്രമക്കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട ഇടയാറന്മുള തൊണ്ടതറ വീട്ടിൽ
ലിജു സി.മാത്യുവിനെയാണ് (29) വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. നഗരൂർ സ്വദേശി അക്ബർഷായെ(26) കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ 20ന് രാത്രി 12ഓടെ കൈയ്ക്ക് പരിക്കേറ്റ ലിജു സുഹൃത്തുക്കൾക്കൊപ്പം വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തുകയും മദ്യലഹരിയിലായിരുന്ന ഇയാൾ ആശുപത്രിയിൽ ബഹളം വയ്ക്കുകയും ചെയ്തു. മനംപുരട്ടലും ഛർദ്ദിയുമായി ആശുപത്രി ഒബ്സർവേഷനിൽ കഴിഞ്ഞിരുന്ന അക്ബർഷായുടെ ഭാര്യയുടെ ബെഡിനു സമീപം നിന്ന് ലിജു ബഹളം വച്ചതോടെ ഗർഭിണിയായ തന്റെ ഭാര്യക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ പെരുമാറരുതെന്ന് അക്ബർഷായും ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനും പറഞ്ഞുവിലക്കി.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കൊപ്പം വെളിയിലേക്ക് പോയ ലിജു അരമണിക്കൂർ കഴിഞ്ഞ് വീണ്ടും തിരിച്ചെത്തി അക്ബർഷായുമായി വഴക്കിട്ടു.തുടർന്ന് കൈയിൽ കരുതിയിരുന്ന കത്രിക കൊണ്ട് ഇയാൾ അക്ബർഷായുടെ നെഞ്ചിൽ കുത്തുകയായിരുന്നു. ആക്രമണത്തിൽ അക്ബർഷായുടെ കൈയ്ക്കും പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വർക്കല പൊലീസ് പ്രതിയെ പിടികൂടി.കൊലപാതകശ്രമത്തിനു പൊലീസ് കേസെടുത്തു. ഗുരുതരമായി പരിക്കറ്റ അക്ബർഷാ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലാണ്. നെഞ്ചിൽ ആറും കൈയിൽ അഞ്ചും സ്റ്റിച്ചുണ്ട്. നെഞ്ചിലേറ്റ മുറിവിൽ ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും അപകടനില തരണം ചെയ്തതായും പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി.