തിരുവനന്തപുരം: സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും ഒത്തുചേരലിന് അവസരമൊരുക്കി അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റർനാഷണൽ ഇൻഡിപെൻഡന്റ് മ്യൂസിക് ഫെസ്റ്റിവെലിന്റെ (ഐ.ഐ.എം.എഫ്) മൂന്നാം പതിപ്പിന് കോവളം കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി. വിവിധ ഭാഷകളിൽ മെറ്റൽ, ഹാർഡ്‌റോക്ക്,റോക്ക് ടു ഹിപ്‌ഹോപ്പ്,ഫോക്ക്,ബ്ലൂസ്,ഇ.ഡി.എം തുടങ്ങി സംഗീത പ്രേമികളുടെ ഭിന്നാഭിരുചികളെ തൃപ്തിപ്പെടുത്തുന്ന അവതരണവുമായാണ് ബാൻഡുകളിലെത്തിയത്. കാണികളുടെ നിറഞ്ഞ പങ്കാളിത്തവും കലാകാരന്മാരുടെ തത്സമയ പ്രകടനവും ആദ്യദിവസത്തെ മേള ആവേശത്തിലാക്കി. മെക്സിക്കൻ ബാൻഡായ ഡീർ എം.എക്സ്,ഡെൻമാർക്കിൽ നിന്നുള്ള കോൾഡ് ഡ്രോപ്പ് എന്നിവയുടെ പ്രകടനം ആസ്വാദകരുടെ കാതും മനവും നിറച്ചു. ഡി.ഐ.വൈ ഡിസ്റ്ര്രപ് ബാൻഡിന്റെ അവതരത്തോടെയാണ് ഐ.ഐ.എംഫിന്റെ പുതിയ പതിപ്പിന് തുടക്കമായത്. ആറ് രാജ്യങ്ങളിൽ നിന്നായി 17 മ്യൂസിക്ക് ബാൻഡുകളാണ് ഐ.ഐ.എം.എഫിൽ പങ്കെടുക്കുന്നത്. ഗബ്രി, ലേസി ഫിഫ്റ്റി (ന്യൂസിലൻഡ്)​, പ്രാർത്ഥന, കുലം, തബാചാക്കെ, മാർടൈർ (നെതർലാൻഡ്)​ എന്നീ ബാൻഡുകളുടെ അവതരണങ്ങളാണ് രണ്ടാം ദിവസം നടക്കുക. പ്രാർത്ഥനയുടെ 'ഐ റോട്ട് ദിസ് ഓൺ എ റെയ്നി നൈറ്റ്" എന്ന ആൽബത്തിന്റെ പ്രകാശനവും നടക്കും. ആഫ്രോഡെലിക് (ലിത്വാനിയ),ദി യെല്ലോഡയറി, പരിക്രമ, അസൽകൊലാർ, വൈൽഡ്‌വൈൽഡ്വുമൺ, 43 മൈൽസ് തുടങ്ങി 17 ബാൻഡുകളും 24 വരെ നടക്കുന്ന മേളയിൽ പങ്കെടുക്കും. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജും ലേസി ഇൻഡി മാഗസിനും സംയുക്തമായി നടത്തുന്ന ഫെസ്റ്റിവലിൽ എല്ലാ ദിവസവും വൈകിട്ട് 5നാണ് ബാൻഡ് ആരംഭിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് നവംബർ 25 വരെ ക്രാഫ്റ്റ് വില്ലേജ് കാമ്പസിൽ ഓൺസൈറ്റ് ക്യാമ്പിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: instagram @iimf_2024, https://iimf.kacvkovalam.com. ടിക്കറ്റ് ബുക്ക് ചെയ്യാൻ http://bit.ly/4eZRuLE.