
തിരുവനന്തപുരം: ആനിമേഷന്റെ സാദ്ധ്യതകൾ കേരളത്തിന് പരിചയപ്പെടുത്തിയ ടൂൺസ് മീഡിയ ഗ്രൂപ്പിന് 25-ാം പിറന്നാൾ. 1999ൽ ടെക്നോപാർക്ക് ആസ്ഥാനമായി ആരംഭിച്ച ടൂൺസ് ഗ്രൂപ്പ് അക്കാലത്ത് ഓരോ രംഗവും പേപ്പറിൽ വരച്ചെടുത്തായിരുന്നു ആനിമേഷനാക്കിയത്. ഗെറ്റ് ടൂൺഡ് എന്ന കാർട്ടൂൺ നെറ്റ്‌വർക്ക് ഷോയ്ക്ക് വേണ്ടിയാണ് ആദ്യം പ്രവർത്തിച്ചത്. യുവസംരംഭകർ ആനിമേഷൻ മേഖലയിലേക്ക് ആകർഷിക്കാനും ടൂൺസിന് കഴിഞ്ഞു. കേരളത്തെ ആനിമേഷൻ, വിഷ്വൽ ഇഫെക്‌ട്സ്, കോമിക്സ്, ഗെയിമിംഗ് മേഖലകളിൽ മുൻനിരയിയിലെത്തിക്കാൻ സർക്കാർ എ.വി.ജി.സി നയം രൂപീകരിച്ചതിന് പിന്നാലെയാണ് ടൂൺസ് രജതജൂബിലി ആഘോഷിക്കുന്നത്.
ഒരുവർഷം നീളുന്ന രജതജൂബിലി ആഘോഷത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യാതിഥിയായി. വിനോദ,വ്യവസായ മേഖലയിലെ വലിയ മാറ്റങ്ങൾ മനസിലാക്കി പ്രതിബന്ധങ്ങളെ അതിജീവിക്കാനും അവസരങ്ങൾ തിരിച്ചറിയാനും ടൂൺസ് ശ്രമിക്കുമെന്ന് സി.ഇ.ഒ പി.ജയകുമാർ പറഞ്ഞു. ദേശീയ അവാർഡ് നേടിയ 'എ കോക്കനട്ട് ട്രീ' എന്ന ചിത്രത്തിന്റെ സംവിധായകൻ ജോഷി ബെനഡിക്റ്റിനെ ചടങ്ങിൽ ആദരിച്ചു. ഫിക്കി, എ.വി.ജി.സി ഫോറം ചെയർമാൻ ആശിഷ് കുൽക്കർണി, മുൻ ചീഫ് സെക്രട്ടറി ഡോ.വി.വേണു, ടെക്നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ, പ്ലാനിംഗ് ബോർഡ് മുൻ അംഗവും, ഐ.ടി വിദഗ്ദ്ധനുമായ ജി.വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്തു.