
നെടുമങ്ങാട്: മകൾ എം.ബി.ബി.എസ് ഡോക്ടറുടെ കുപ്പായമണിയുന്ന വേളയിൽ 17 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി അച്ഛൻ.
സാഹചര്യങ്ങൾ കാരണം സഫലമാകാതെ പോയ ഡോക്ടറേറ്റ് സ്വപ്‌നമാണ് 61കാരനയ പഴകുറ്റി ശ്രീകുലം വീട്ടിൽ രഘുനാഥ് യാഥാർത്ഥ്യമാക്കിയത്. മകൾ രേഷ്‌മ നാഥ് ഡൽഹി ദീനദയാൽ ഉപാദ്ധ്യായ ആശുപത്രിയിൽ നിന്ന് ഹൗസ് സർജൻസി പൂർത്തിയാക്കി മെഡിസിനിൽ ബിരുദം നേടിയപ്പോൾ പാരിസ്ഥിതിക ശാസ്ത്രത്തിലാണ് രഘുനാഥ് ഡോക്ടറേറ്റ് നേടിയത്.
പശ്ചിമഘട്ടത്തിലെ ഭ്രംശ മേഖലയായ അച്ചൻകോവിൽ നദീതടത്തിൽ പാറക്വാറികൾ സൃഷ്ടിക്കുന്ന പാരിസ്ഥിക ആഘാതവും നിർണയവും എന്ന വിഷയത്തിലായിരുന്നു ഗവേഷണം. തേമ്പാമൂട് ഹൈസ്‌കൂളിലായിരുന്നു രഘുനാഥിന്റെ പ്രാഥമിക വിദ്യാഭ്യാസം. ചെമ്പഴന്തി എസ്.എൻ കോളേജിൽ നിന്ന് ജിയോളജിയിൽ ബിരുദവും കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മറൈൻ ജിയോളജിയിൽ ബിരുദാനന്തര ബിരുദവും. ജിയോളജിയിൽ എംഫിലും ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എഡും നേടിയിട്ടുണ്ട്. സൗദി സെറാമിക്‌സിൽ ജോലി ലഭിച്ചതോടെയാണ് ഗവേഷണ മോഹം ഉപേക്ഷിച്ചത്.
ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ.അനൂപ് കൃഷ്ണനുമായുള്ള കൂടിക്കാഴ്ചയാണ് രഘുനാഥിന്റെ ഡോക്ടറേറ്റ് സ്വപ്‌നത്തിൽ വഴിത്തിരിവായത്. അദ്ദേഹത്തിന്റെ കീഴിലായിരുന്നു ഗവേഷണം. ഇപ്പോൾ സർക്കാരിന്റെ മൈനിംഗ് ആൻഡ് ജിയോളജി റെക്കോഗ്നിസ്ഡ് ക്വാളിഫൈഡ് പേഴ്സണായി പ്രവർത്തിക്കുന്നു. ഭാര്യ സിന്ധു നടത്തുന്ന ചെറുകിട സംരംഭമായ ഉത്തര ഗ്ലാസ് പ്ലൈയുടെ മേൽനോട്ടവും വഹിക്കുന്നുണ്ട്. മകൻ ശ്രീനാഥ് മർച്ചന്റ് നേവി ഓഫീസറാണ്.