തിരുവനന്തപുരം: കൃഷിയും കാർഷിക വിളകളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുമായി 'കല്ലിയൂർ ഗ്രീൻസ് ബ്രാൻഡ്' സംസ്ഥാനത്തെ കാർഷിക ചരിത്രത്തിന്റെ ഭാഗമായിട്ട് രണ്ടുവർഷം പിന്നിട്ടു.കല്ലിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിക്കൂട്ടങ്ങൾ ചേർന്ന് ആരംഭിച്ച പദ്ധതി കർഷകരുടെ സജീവ പങ്കാളിത്തത്തോടെ വിജയകരമായി മുന്നേറുന്നു.

സ്വന്തമായി ആവിഷ്‌കരിച്ച ആപ്പിലൂടെ ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് കാർഷികവിളകൾ എത്തിച്ചുകൊടുക്കുന്നതാണ് പദ്ധതി.24 മണിക്കൂർ മുൻപ് ആപ്പിലൂടെ ഓർഡർ നൽകിയാൽ ജൈവരീതിയിൽ കൃഷിചെയ്യുന്ന ഉത്പന്നങ്ങൾ വീട്ടിലെത്തിച്ച് നൽകും.പഴവും പച്ചക്കറികളും മാത്രമല്ല,കട്ട് വെജിറ്റബിൾസും മൂല്യവർദ്ധിത ഉത്പന്നങ്ങളുമെല്ലാം ഉൾപ്പെടുന്നതാണ് വിപണി.

പഞ്ചായത്തിൽ കൃഷി ചെയ്‌തെടുക്കുന്ന നെല്ലിനെ അരിയാക്കി 'വെള്ളായണി റൈസ്' എന്നപേരിൽ വിപണിയിൽ എത്തിക്കുന്നുണ്ട്. ജൈവ ഉത്പന്നങ്ങളായതിനാൽ കിലോയ്‌ക്ക് അഞ്ചുരൂപ വരെ വർദ്ധന നൽകിയാണ് വില്പന.ഇത് കർഷകർക്ക് ആശ്വാസമാണ്.ഗുണമേന്മ അനുസരിച്ച് നിർമ്മിക്കുന്ന അച്ചാർ,ചക്ക ഹൽവ,ബനാന പൗഡർ തുടങ്ങിയവയെല്ലാം വിദേശത്തും കയറ്റി അയയ്ക്കുന്നുണ്ട്. ഇതിലൂടെ കർഷകരുടെ വരുമാനത്തിൽ വലിയ വർദ്ധനയാണ് ലഭിക്കുന്നത്.ആഴ്ചയിൽ 30 മെട്രിക് ടൺ ഭക്ഷ്യവസ്തു‌ക്കളാണ് ഇവിടെനിന്ന് വിപണനം ചെയ്യുന്നത്.


ചില്ലുകൂട്ടിലെ കുഞ്ഞൻ ഉദ്യാനം

സർവീസിൽ നിന്ന് വിരമിച്ചവരും കല്ലിയൂർ ഗ്രീൻസിലുണ്ട്. ഗ്ലാസ് ബൗളുകളിൽ തയ്യാറാക്കുന്ന കുഞ്ഞൻ ഉദ്യാനങ്ങളാണ് ഇവരുടെ സൃഷ്ടി.ആമസോണിലൂടെ ഇത്തരം കുഞ്ഞൻ ഉദ്യാനങ്ങൾ ഓർഡർ അനുസരിച്ച് നിർമ്മിച്ച് നൽകിയാണ് ഇവർ വരുമാനം നേടുന്നത്. ഒരു കുഞ്ഞൻ ഉദ്യാനത്തിന് ആയിരം രൂപ മുതലാണ് വില.


വരുമാന വർദ്ധനവിനൊപ്പം കർഷകർ ജൈവകൃഷി ശീലിച്ചുതുടങ്ങി എന്നതാണ് സംരംഭത്തിന്റെ പ്രത്യേകത. വിപണി ഉണർന്നതോടെ കൃഷിയിൽ വലിയ വർദ്ധനയാണ് ഉണ്ടായത്.

സി.സ്വപ്ന,കൃഷി ഓഫീസർ

കല്ലിയൂർ ഗ്രീൻസ്
212 കൃഷിക്കൂട്ടങ്ങൾ
11 പച്ചക്കറി ക്ലസ്‌റ്ററുകൾ
12 മൂല്യവർദ്ധിത യൂണിറ്റുകൾ
80ൽ അധികം മൂല്യവർദ്ധിത ഉത്പന്നങ്ങൾ
 20 ഫാം പ്ലാൻ പോട്ടുകൾ


പ്രധാന വിളകൾ (ഹെക്ടറിൽ)

നെല്ല് - 40

തെങ്ങ് - 400

പച്ചക്കറി - 100

വാഴ - 375

കിഴങ്ങുവിളകൾ - 25
മരച്ചീനി - 30

ഇഞ്ചി, മഞ്ഞൾ - 10

ഫലവൃക്ഷത്തൈകൾ - 25

കുരുമുളക് - 5
മറ്റു വിളകൾ - 20

ആകെ ഹെക്‌ടർ - 1030