തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിനോടനുബന്ധിച്ചുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം ഇന്ന് നടക്കും.വൈകിട്ട് 6.30നാണ് പ്രദക്ഷിണം. വെട്ടുകാട് നിന്നാരംഭിച്ച് കണ്ണാന്തുറ പള്ളി വഴി കൊച്ചുവേളി പള്ളിയിലെത്തിയ ശേഷം തിരികെ ദേവാലയത്തിലെത്തും. വൈകിട്ട് 5.30ന് നടക്കുന്ന സന്ധ്യാവന്ദന പ്രാർത്ഥനയ്ക്ക് മോൺ.ഡോ.സി.ജോസഫ് മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.പ്രമോദ് വചനസന്ദേശം നൽകും. തുടർന്നാണ് പ്രദക്ഷിണം ആരംഭിക്കുക. പള്ളിയിൽ നിന്ന് ക്രിസ്തുരാജ സ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ശംഖുംമുഖം ഭാഗത്തേക്ക് പോയശേഷം മടങ്ങി ദേവാലയത്തിലെത്തുകയും തുടർന്ന് കൊച്ചുവേളി പള്ളിയിലേക്ക് പോയി തിരികെയെത്തുകയും ചെയ്യും. മാലാഖരൂപം ധരിച്ച കുഞ്ഞുങ്ങളും കത്തിച്ച മെഴുകുതിരിയും പേപ്പൽ പതാകയും പൂക്കളും മുത്തുക്കുടകളുമേന്തിയവരും ധൂമവാഹകരും അൾത്താര ശുശ്രൂഷകരും വൈദികർക്കൊപ്പം പങ്കാളികളാകും. ക്രിസ്തുരാജ സ്വരൂപത്തെ വണങ്ങുന്നതിനായി റോഡിന് ഇരുവശത്തും നിൽക്കുന്ന വിശ്വാസികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് തിരനാൾ സമിതി ഭാരവാഹികൾ അറിയിച്ചു.പ്രദക്ഷിണത്തിന് മുന്നോടിയായി രാവിലെ 6, 11, ഉച്ചകഴിഞ്ഞ് 3 എന്നി സമയങ്ങളിൽ സമൂഹ ദിവ്യബലിയും വചനപ്രഘോഷണവും നടത്തും. പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 5, 6.30, 8, 9.30, 11.30, 1, 3 എന്നി സമയങ്ങളിൽ ദിവ്യബലിയുണ്ടാകും. കുഞ്ഞുങ്ങളുടെ ആദ്യ ചോറൂട്ട് രാവിലെ 11ന് സെന്റ് മേരീസ് എച്ച്.എസ്.എസിലും തീർത്ഥാടകർക്കായുള്ള സ്നേഹവിരുന്ന് 11.30നും ആരംഭിക്കും. 40,​000 പേർക്കാണ് ഇത്തവണ സ്നേഹവിരുന്ന് ഒരുക്കുന്നത്.വൈകിട്ട് 5.30ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ്.ജെ.നെറ്റോ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കും.ഇന്നലെ വൈകിട്ട് ആയിരക്കണക്കിന് വിശ്വാസികൾ ദിവ്യബലിയിലും പ്രാർത്ഥനയിലും പങ്കെടുത്തു. ക്രിസ്തുരാജ സ്വരൂപത്തിന് മുമ്പിലും പള്ളിക്കുള്ളിലും വലിയ തിരക്ക് അനുഭവപ്പെട്ടതോടെ വോളന്റിയർമാരും പൊലീസും ക്യൂവായാണ് വിശ്വാസികളെ കടത്തിവിട്ടത്.തിരുനാളിനോടനുബന്ധിച്ച് നിലവിലുള്ള ബസ് സർവീസുകൾക്ക് പുറമേ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് 20ഓളം കെ.എസ്.ആർ.ടി.സി ബസുകൾ സ്‌പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. അടിയന്തര സേവനത്തിനായി ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ്, നഗരസഭ അധികൃതരും 24 മണിക്കൂർ സുസജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്