
തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നത്തിൽ ജുഡിഷ്യൽ കമ്മിഷനെ നിയോഗിക്കാനുള്ള തീരുമാനത്തോട് പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പത്ത് മിനിറ്റ് കൊണ്ട് സർക്കാരിന് തീർക്കാവുന്ന ഒരു വിഷയം മനപൂർവം വൈകിപ്പിക്കുകയാണ്. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾക്ക് സർക്കാർ തന്നെ അവസരം ഒരുക്കികൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്ലിം സംഘടനകളും ഫറൂഖ് കോളേജ് മാനേജ്‌മെന്റും പ്രശ്ന പരിഹാരത്തിന് എല്ലാ പിന്തുണയും നൽകിയ സാഹചര്യത്തിൽ തീരുമാനം എടുക്കാനും അത് കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സർക്കാരിന് കഴിയുമായിരുന്നു. സമര രംഗത്തുള്ളവരുമായി ഗൗരവമായ ഒരു ചർച്ചയും സർക്കാർ നടത്തിയില്ല.
സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. ആരുമായും ആലോചിക്കാതെ ജുഡിഷ്യൽ കമ്മിഷൻ എന്ന തീരുമാനം അടിച്ചേൽപ്പിച്ചതിലൂടെ സർക്കാരിന് ദുരുദ്ദേശ്യം ഉണ്ടെന്ന് വ്യക്തമായി. പറഞ്ഞ സമയത്ത് ദൗത്യം പൂർത്തീകരിക്കാത്ത ജുഡിഷ്യൽ കമ്മിഷനുകളുള്ള നാടാണ് കേരളം. മുനമ്പത്തെ പാവങ്ങൾക്ക് അർഹതപ്പെട്ട നീതിയാണ് സർക്കാർ ബോധപൂർവം നിഷേധിക്കുന്നതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ആരോപിച്ചു.
'മുഖ്യമന്ത്രി മുനമ്പം നിവാസികളെ വഞ്ചിച്ചു '
മുനമ്പം നിവാസികളോടപ്പമല്ല വഖഫ് ബോർഡിനൊപ്പമെന്ന് തെളിയിക്കുന്നതാണ് ജുഡീഷ്യൽ കമ്മിഷനെ വച്ച സർക്കാരിന്റെ തീരുമാനമെന്ന് ബി. ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വഞ്ചനാപരമായ തീരുമാനം ആരും അംഗീകരിക്കില്ല.
സർക്കാരും മുഖ്യമന്ത്രിയും മുനമ്പം നിവാസികളെ വഞ്ചിച്ചു.ഇത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. മുനമ്പത്തും, ചെല്ലാനത്തും, വഖഫ് നോട്ടീസ് നൽകിയ ഇടങ്ങളിലെല്ലാം ജാഗ്രതാ സമിതി രൂപീകരിക്കാനും നാളെ മുതൽ സമരം ശക്തമാക്കാനുമാണ് ബി ജെ പിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം സമരംഅട്ടിമറിക്കാൻ ശ്രമം : ആക്സ്
മുനമ്പത്ത് സ്വന്തം സ്ഥലം സംരക്ഷിക്കാൻ ജനങ്ങൾ നടത്തുന്ന സമരത്തെ അട്ടിമറിക്കാനാണ് സർക്കാർ ഇപ്പോൾ ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചതെന്ന് ക്രൈസ്തവ സഭകളുടെ പൊതു എക്യൂമിനിക്കൽ വേദിയായ ആക്സിന്റെ (അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ്) ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ, സെക്രട്ടറി കുരുവിള മാത്യൂസ് എന്നിവർ കുറ്റപ്പെടുത്തി.ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള നീക്കമാണ് സർക്കൾ നടത്തുന്നതെന്നും വേണ്ടിവന്നാൽ സമരം ഏറ്റെടുക്കുമെന്നും അവർ വ്യക്തമാക്കി