മലയിൻകീഴ്: വിളവൂർക്കൽ പെരുകാവ് തൈവിള ക്രിസ്റ്റീസിൽ വീട്ടിൽ പി.പി.മേരിയെ (74) വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി മൂന്നര ലക്ഷം രൂപ തട്ടിയതായി പരാതി.ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുംബൈ ക്രൈംബ്രാഞ്ചിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്നും റിസർവ് ബാങ്കിലെ ഫിനാൻഷ്യൽ ഇൻസ്‌പെക്ടറെന്നും പരിചയപ്പെടുത്തിയ രണ്ടുപേർ ഫോൺ വിളിച്ചതെന്ന് മേരി നൽകിയ പരാതിയിൽ പറയുന്നത്.

ഇവരുടെ ആധാറും സിംകാർഡും ഉപയോഗിച്ച് മുംബൈയിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ളതിനാൽ മുംബൈ പൊലീസ് മേരിയെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് വീഡിയോ കോൾ വിളിച്ച് ഇംഗ്ലീഷിൽ സംസാരിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. വിദേശത്തുള്ള മക്കളെയും കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ മേരി പണം ബാങ്ക് മുഖേന അയച്ചു.സംശയം തോന്നി അവർ വിളിച്ച ഫോണിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടാതെ വന്നപ്പോഴാണ് പറ്റിക്കപ്പെട്ടെന്ന് ബോദ്ധ്യമായത്.തുടർന്നാണ് മലയിൻകീഴ് പൊലീസിൽ പരാതി നൽകിയത്.പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.