വിഴിഞ്ഞം: വെള്ളായണി കായലിന് കുറകെ പാലം നിർമ്മിക്കുന്നതിനായി അടച്ചിട്ട റോഡിന് പകരം താത്കാലിക ബണ്ട് റോഡ് നിർമ്മാണം ആരംഭിച്ചു.ഇതുവഴി ആംബുലൻസ്,പാൽ,പത്രം എന്നിവയുടെ വിതരണവും കാൽനടയാത്രയും അനുവദിക്കും.കാക്കാമൂല - കാർഷിക കോളേജ് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് 2 വർഷത്തേയ്ക്ക് അടച്ചത്. നിലവിലെ റോഡിന് സമാന്തരമായി 200 മീറ്റർ നീളത്തിലാണ് നടപ്പാത നിർമ്മിക്കുന്നത്.

കായലിന്റെ ഒഴുക്ക് തടസപ്പെടാത്ത രീതിയിൽ ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് തടയണ നിർമ്മിച്ച് അതിൽ മണ്ണ് നിറച്ചാണ് നടപ്പാത നിർമ്മിക്കുന്നത്.റോഡ് അടച്ചതോടെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ ജീവനക്കാർക്കും, മറ്റും ഏഴു കിലോമീറ്റർ ചുറ്റിസഞ്ചരിക്കണം. ഈ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിയെ തുടർന്നാണ് താത്കാലിക ബണ്ട്റോഡ് നിർമ്മാണം.വെള്ളായണി കായലിന് കുറുകെ പാലം നിർമ്മിക്കുന്നതിനുള്ള കാലാവധി രണ്ട് വർഷമാണെങ്കിലും പാലം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.