photo

നെയ്യാറ്റിൻകര: കാലവർഷക്കെടുതിയിൽ തകർന്ന ഗ്രാമീണ റോഡുകളിലൂടെ ദുരിതയാത്ര ചെയ്ത് നാട്ടുകാർ. അമൃത് പദ്ധതിക്കായി റോഡുകൾ മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ച് സ‌ഞ്ചാരയോഗ്യമല്ലാതാക്കിയിരിക്കുകയാണ്. പൈപ്പിട്ട് മൂടിയ ശേഷം കോൺക്രീറ്റ് ചെയ്യാൻ സംവിധാനമില്ലാതെയാണ് പൈപ്പിടൽ നടക്കുന്നത്. നെയ്യാറ്റിൻകര നഗരസഭ തവരവിള വാർഡിൽ മേൽവിളാകം കുട്ടത്തുപള്ളിനട റോഡാണ് കഴിഞ്ഞ ദിവസം ജെ.സി.ബി ഉപയോഗിച്ച് ചാലു കീറി പൈപ്പിട്ടത്. ഒരു അറിയിപ്പുമില്ലാതെയായിരുന്നു റോഡ് പൊളിച്ചത്. സ്കൂൾ ബസും മറ്റു വാഹനക്കാരും ഈ ദുരിതാവസ്ഥയിൽ ഏറെ ബുദ്ധിമുട്ടി. റോഡിന്റെ ഇരുവശവും ഒരു കയർ പോലും പിടിച്ചുകെട്ടാതെയായിരുന്നു നടപടി. ഗതാഗതം തടസപ്പെടുത്താൻ മുൻകൂറായി അറിയിപ്പ് നൽകണമെന്ന മാർഗനിർദ്ദേശം കാറ്റിൽപ്പറത്തിയാണ് കരാറുകാരൻ ഗതാഗതം തടസപ്പെടുത്തിയത്. വാർഡിൽ കൗൺസിലറുടെ അറിയിപ്പില്ലാതെയാണ് റോഡ് അടച്ചത്. റോഡ് അടിയന്തരമായി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡ് ഗതാഗതയോഗ്യമാക്കണം

സമീപത്തെ മേൽവിളാകം - മഞ്ചത്തല റോഡും പൊളിച്ച് ശരിയാക്കിയിട്ട് മണ്ണിട്ട് മൂടിയിട്ടില്ല. ഇരുചക്ര വാഹനങ്ങൾക്കു പോലും പോകാൻ കഴിയാത്ത സ്ഥിതിയാണ്. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ പൈപ്പിട്ട ശേഷം കോൺക്രീറ്റ് ചെയ്യാൻ എല്ലാ റോഡുകളിലും സംവിധാനമില്ലെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിയും റോഡുകൾ വെട്ടിപ്പൊളിച്ച ശേഷം കോൺക്രീറ്റ് ചെയ്യാനുള്ള ശ്രമവും നടത്തി. റോഡ് ഗതാഗതയോഗ്യമാക്കാൻ നാട്ടുകാർ നഗരസഭാ അധികൃതർക്ക് നിവേദനം സമർപ്പിച്ചു.

പരാതി നൽകിയിട്ടും നടപടിയില്ല

കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. ദിനംപ്രതി കാൽനടയാത്രക്കാരും നിരവധി വാഹനങ്ങളും റോഡിൽ കുരുങ്ങിക്കിടന്നത് ചൂണ്ടിക്കാട്ടി പ്രദേശവാസി മേൽവിളാകത്ത് വടക്കേവിള വീട്ടിൽ പ്രദീപ് കുമാർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. കുട്ടികൾക്ക് സ്കൂളിൽ പോകാനായി

വേറെ വഴിയില്ളെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

പൈപ്പ്‌ലൈനിന്റെ പണിപൂർത്തിയായി കഴിഞ്ഞാലുടൻ തന്നെ റോ‌ഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്യും

അസി.എൻജിനിയർ,വാട്ടർ അതോറിട്ടി