തിരുവനന്തപുരം:നഗരത്തെ വയോജന സൗഹൃദ നഗരമാക്കുക,വയോജന സേവനങ്ങൾ കൂടുതൽ ഉറപ്പുവരുത്തുക എന്നിവയുടെ ഭാഗമായി നഗരസഭാതലത്തിൽ പുതിയ വയോജന കൗൺസിലിന് രൂപം നൽകി.കൂടാതെ വയോജന നയം രൂപീകരിക്കാനും തീരുമാനം.

വയോജന കൗൺസിൽ രൂപീകരണം ബഹിഷ്കരിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ ഉൾപ്പെടുത്താതെ ഭരണപക്ഷ കൗൺസിലർമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് പുതിയ കൗൺസിലിന് രൂപം നൽകിയിരിക്കുന്നത്.

മേയറാണ് കൗൺസിലിന്റെ അദ്ധ്യക്ഷൻ.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉപാദ്ധ്യക്ഷനും നഗരസഭ സെക്രട്ടറി കൺവീനറുമാണ്.ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം,ആരോഗ്യം,ഹോമിയോ),ജില്ലാ സാമൂഹ്യ നീതി ഓഫീസർ,ജില്ലാ പൊലീസ് സൂപ്രണ്ട്,വയോമിത്രം ജില്ലാ കോഓർഡിനേറ്റർ,ബന്ധപ്പെട്ട കോർപ്പറേഷൻ ഉദ്യോഗസ്ഥൻ,സി.പി.എം കൗൺസിലർമാരായ ഡി.ആർ.അനിൽ,എം.ശാന്ത തുടങ്ങി വയോജന സേവനരംഗത്ത് പ്രവർത്തിക്കുന്ന 10 പേർ അംഗങ്ങളായതാണ് വയോജന കൗൺസിൽ.

ലക്ഷ്യം

വയോജന കൗൺസിൽ രണ്ട് മാസത്തിലൊരിക്കൽ യോഗം ചേരണം.വയോജന സൗഹൃദ നഗരമായി നഗരസഭയെ മാറ്റുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ കൗൺസിൽ ചർച്ച ചെയ്യണം.നിർദ്ദേശങ്ങൾ നഗരസഭയ്ക്കോ സ്റ്റാൻഡിംഗ് കമ്മിറ്റിക്കോ സമർപ്പിക്കണം.

പ്രവർത്തനം

നഗരസഭാതലത്തിൽ വയോജന ക്ഷേമത്തിന് ആവിഷ്കരിച്ച പദ്ധതികളുടെ പുരോഗതിയും വീഴ്ചയും എല്ലാ കൗൺസിലിലും ചർച്ച ചെയ്ത് വിലയിരുത്തണം

മാതാപിതാക്കൾ,മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം,ചട്ടം എന്നിവയെ പറ്റിയുള്ള ബോധവത്കരണം നടത്തണം

സർക്കാർ നടത്തുന്ന വയോജന കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തണം.കേന്ദ്രങ്ങൾ സന്ദർശിച്ച് വീഴ്ച ചൂണ്ടിക്കാട്ടി ആവശ്യമായ നിർദ്ദേശങ്ങൾ നൽകണം

വയോമിത്രം പദ്ധതിയുടെ പ്രവർത്തനം അവലോകനം ചെയ്യണം

ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് പ്രത്യേക ശ്രദ്ധ നൽകണം.ആവശ്യമുള്ളവർക്ക് ആരോഗ്യ സഹായം നൽകണം.

വയോജന നയം

നിലവിലുള്ള സംസ്ഥാന വയോജന നയത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭയുടെ മാത്രമായ ഒരു നയമാണ് രൂപീകരിക്കുന്നത്.2024-25 ബഡ്ജറ്റിൽ പ്രഖ്യാപ്പിച്ചിരുന്നതാണ് മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പുതിയ നയം രൂപീകരിക്കണമെന്നുള്ളത്.നയം രൂപീകരിക്കുന്നതിന് മുൻ സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ ഡോ.അശോക് ചെയർമാനായും ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.വിപിൻ.കെ.ഗോപാൽ,സാമൂഹ്യനീതി വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ അഡ്വ.കെ.കെ.മണി,ഒരു കൗൺസിലർ,നഗരസഭ സെക്രട്ടറി എന്നിവർ അംഗങ്ങളായ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.നയത്തിന്റെ പ്രാരംഭ പ്രഖ്യാപനം ബുധനാഴ്ച നടക്കുന്ന നഗരസഭ കൗൺസിലിൽ നടക്കും.