ddd

തിരുവനന്തപുരം: പേട്ട പള്ളിമുക്ക് റോഡിലെ സെന്റ് ആന്റണീസ് നഴ്സിംഗ് ഹോമിന് മുന്നിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നിട്ട് വർഷങ്ങളായി. മഴയത്തും വെയിലത്തും ഒതുങ്ങി നിൽക്കാനാകാതെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലാണ്.വി.എസ്.ശിവകുമാർ മന്ത്രിയായിരിക്കുമ്പോൾ 2012-13ലാണ് ബസ് ഷെൽറ്രർ നിർമ്മിച്ചത്.

ഇരിപ്പിടം തകർന്ന ഈ കാത്തിരിപ്പുകേന്ദ്രത്തിന്റെ മേൽക്കൂരയിലെ ഷീറ്റ് തകർന്ന് കാലങ്ങളായിട്ടും മാറ്റിയിടുകയോ പകരം സംവിധാനമൊരുക്കുകയോ ചെയ്യാത്തത് ഈ ബസ് ഷെൽറ്ററിനെ ആശ്രയിക്കുന്നവരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പേട്ടയിലെ സ്കൂളുകൾ വിട്ടു വരുന്ന കുട്ടികളും കരിക്കകം,വെൺപാലവട്ടം,ആനയറ, ചാക്ക, വെട്ടുകാട്,​ ആൾസെയിന്റസ്,വേളി,പെരുമാതുറ,കഴക്കൂട്ടം ഭാഗങ്ങളിലേക്ക് പോകുന്നവരും ബസ് കാത്തിരിക്കുന്നത് ഇവിടെയാണ്. ഇതിനോട് ചേർന്നാണ് സെന്റ് ആന്റണീസ് നഴ്സിംഗ് ഹോം,​എൽ.പി സ്കൂൾ,​റോമൻ കാത്തലിക് ചർച്ച് എന്നിവയുമുള്ളത്. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിന് യാത്രക്കാർ വന്നിറങ്ങുകയും പോവുകയും ചെയ്യുന്ന തിരക്കേറിയ ബസ് സ്റ്രോപ്പ് കൂടിയാണിത്.ഇവിടെ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതിനോടൊപ്പംതന്നെ ചാക്കയിലേക്ക് പോകുന്ന പേട്ട കാഞ്ഞിരവിളാകം ക്ഷേത്രത്തിന് എതിർവശത്തെ ബസ് കാത്തിരിപ്പു കേന്ദ്രവും തകർച്ചയിലാണെന്നും ഇതും പുതുക്കി പണിയുകയോ,​പുതിയത് നിർമ്മിക്കുകയോ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

പുതിയ ബസ് ഷെൽട്ടർ ഉടനെന്ന് കൗൺസിലർ

പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ നിർമ്മിക്കുമെന്ന് കൗൺസിലർ എസ്.സുജാദേവി പറഞ്ഞു.പേട്ട കാഞ്ഞിരവിളാകം ക്ഷേത്രത്തിന് എതിർവശത്തും പള്ളിമുക്ക് സെന്റ് ആന്റണീസിന് മുന്നിലും രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങൾക്കുള്ള നിവേദനം ആന്റണി രാജു എം.എ.എയ്ക്ക് നൽകിയതാണ്. ക്ഷേത്രത്തിന് മുന്നിലുള്ളത് വന്നു. സെന്റ് ആന്റണീസിന് മുന്നിലേത് ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടാണ് നടക്കാതെപോയത്. ഇപ്പോൾ വീണ്ടും എം.എൽ.എ പരിഗണിച്ചിട്ടുണ്ട്.നഗരസഭയുടെ എൻ.ഒ.സി കിട്ടിയാലുടൻ നിർമ്മിക്കാമെന്ന് എം.എൽ.എ അറിയിച്ചിട്ടുണ്ടെന്ന് കൗൺസിലർ പറഞ്ഞു.