
തിരുവനന്തപുരം: സഹകരണ മേഖലയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനായി സഹകരണ ബാങ്കുകൾക്കും,സംഘങ്ങൾക്കുമുള്ള പുതിയ ക്ലാസിഫിക്കേഷൻ 2025 മുതൽ നടപ്പിലാവും. ഇത് സംബന്ധിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ചെങ്കിലും ജീവനക്കാരുടെ സംഘടനകളുമായി അവസാനഘട്ട ചർച്ച നടത്തിയ ശേഷം ഉത്തരവ് ഡിസംബർ അവസാനത്തോടെ പുറത്തിറങ്ങും. ഇതിനുമുമ്പ് ഉദ്യോഗസ്ഥതലത്തിൽ ബാങ്കിംഗ് വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ചും ജീവനക്കാരുടെ സംഘടനകളുമായി രണ്ട് തവണ ചർച്ചകൾ നടന്നിരുന്നു. ഇതിൽ മാറ്റം വരുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ധാരണയായിട്ടുണ്ട്.
പ്രവർത്തന മൂലധനം,നിക്ഷേപം,വായ്പ എന്നിവയനുസരിച്ച് ബാങ്കുകളെ തിരിക്കുക. സൂപ്പർ ഗ്രേഡ്,സ്‌പെഷൽ ഗ്രേഡ്,ക്ലാസ്1 മുതൽ 6 വരെ എന്നിങ്ങനെ തരംതിരിക്കും. ക്ലാസിഫിക്കേഷൻ അനുസരിച്ച് ജീവനക്കാരുടെ തസ്തികയുടെ എണ്ണവും ശമ്പള സ്‌കെയിലും നിശ്ചയിക്കും. 500കോടിയിലധികം മൂലധനമുള്ള 50 സംഘങ്ങൾക്ക് നിലവിലുള്ള ക്ലാസുകൾക്ക് മുകളിൽ മറ്റൊരു ക്ലാസ് കൂടി ഏർപ്പെടുത്തുക. നിലവിൽ 160കോടിയിലധികം പ്രവർത്തനമൂലധനവും 125കോടിക്ക് മുകളിൽ 100കോടിക്ക് മേൽ വായ്പയുമുള്ള ബാങ്കുകളെ ക്ലാസ്-1 സൂപ്പർഗ്രേഡിൽ ഉൾപ്പെടുത്താനാണ് ശുപാർശ. 52കോടിയിലധികം വായ്പയും 65കോടിക്ക് മുകളിൽ നിക്ഷേപവുമുള്ള പ്രവർത്തനമൂലധനം 75കോടിക്ക് മുകളിലുള്ള ബാങ്കുകളെ ക്ലാസ്-1 സ്‌പെഷ്യൽ ഗ്രേഡിലും 36 കോടിയിലേറെ നിക്ഷേപവും 40കോടിക്ക് മേൽ പ്രവർത്തനമൂലധനവും 30കോടിയിലധികം വായ്പയും നൽകിയിട്ടുള്ളവയെ ക്ലാസ്-1ലും ഉൾപ്പെടുത്താനാണ് ധാരണ.
15 % കവിഞ്ഞാൽ തരം താഴ്‌ത്തും
പ്രവർത്തനമൂലധനത്തിൽ 25ശതമാനത്തിന്റെ വർദ്ധനയുണ്ടായാൽ കുറഞ്ഞ ക്ലാസിൽ നിന്നും ഉയർന്ന ക്ലാസിലേക്കെത്താനാവും. തുടർച്ചയായുള്ള മൂന്ന് വർഷങ്ങളിലെ എൻ.പി.എ (കിട്ടാക്കടം) 15ശതമാനത്തിലധികമായാൽ ബാങ്കുകൾ കുറഞ്ഞ ക്ലാസിലേക്ക് തരംതാഴും. സാമ്പത്തിക വർഷം ഓഡിറ്റ് പൂർത്തിയാക്കാത്തതും മുമ്പ് കണ്ടെത്തിയ പിഴവുകൾ തിരുത്താത്ത ബാങ്കുകളെയും തരംതാഴ്ത്തും. ഓരോ മൂന്ന് വർഷം കൂടുമ്പോഴും ക്ലാസിഫിക്കേഷനായുള്ള പരിശോധന നടക്കുമ്പോൾ ബാങ്ക് ലാഭത്തിൽ പ്രവർത്തിക്കുകയും ഡിവിഡന്റ് നൽകുകയും വേണം. സഹകരണമേഖലയിലെ 16000 സംഘങ്ങളും പുതിയ ക്ലാസിഫിക്കേഷനിൽ ഉൾപ്പെടും.