
തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് പിന്നിൽ നഗരസഭ നിർമ്മിച്ച കംഫർട്ട് സ്റ്രേഷൻ മൂന്നര വർഷം പിന്നിട്ടിട്ടും തുറക്കുന്നില്ലെന്ന് പരാതി.നാല് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം നിലവിൽ നാശത്തിന്റെ വക്കിലാണ്. നഗരസഭയിലെ തന്നെ എൻജിനിയറിംഗ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെ അവഗണനയാണ് കംഫർട്ട് സ്റ്റേഷന് പ്രവർത്തനാനുമതി വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
തൈക്കാട് ആശുപത്രിയിലെ പഴയ പ്രസവ വാർഡിന് പിന്നിലായിട്ടാണ് മൂന്നര വർഷം മുൻപ് കോർപ്പറേഷൻ പ്ലാൻ ഫണ്ടിൽ കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചത്.
എൻജിനിയറിംഗ് വിഭാഗത്തിൽ നിന്ന് ഇതിനുള്ള ലൈസൻസ് ശരിയായി കിട്ടാൻ ഒന്നര വർഷത്തോളമെടുത്തു. റോഡ് പുറമ്പോക്കിലിരിക്കുന്ന കംഫർട്ട് സ്റ്റേഷന്റെ സ്ഥലം നഗരസഭയുടെ ആസ്തിയിലേറ്റെടുത്തശേഷം മാത്രമേ ബാക്കി ഡ്രെയിനേജ് ഉൾപ്പെടെയുള്ള പേപ്പർ വർക്കുകൾക്കും കണക്ഷനും നൽകാൻ കഴിയൂ.ഇതുകാരണം കംഫർട്ട് സ്റ്റേഷൻ തുറന്ന് പ്രവർത്തനം പിന്നെയും വൈകി.
നിത്യേന ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രി പരിസരത്ത് വേറെ കംഫർട്ട് സ്റ്റേഷനുകളൊന്നുമില്ല. ആശുപത്രിയിലെത്തുന്നവരുടെ പരാതികളെ തുടർന്നാണ് കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചത്.എത്രയുംവേഗം ഇതിന്റെ പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാട്ടർ കണക്ഷനും വൈദ്യുതി കണക്ഷനും ലഭിച്ചു. ഡ്രെയിനേജ് കണക്ഷൻ കിട്ടാനുള്ള കാലതാമസമുണ്ട്.ഒരു മാസത്തിനകം കംഫർട്ട് സ്റ്രേഷൻ പ്രവർത്തനം തുടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
കൗൺസിലർ ജി.മാധവദാസ്