
തിരുവനന്തപുരം: ജോലിയെന്ന സ്വപ്നവുമായി സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റിലുൾപ്പെട്ട 6,000ഓളം ഉദ്യോർഗാർത്ഥികൾ കാത്തിരിക്കുന്നതിനിടെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 288 പുതിയ തസ്തിക സൃഷ്ടിക്കാൻ തയ്യാറാക്കിയ ഫയൽ ആരോഗ്യവകുപ്പിൽ ചുറ്റിത്തിരിഞ്ഞത് എട്ടുമാസം. M1/ 116/ 2024 നമ്പർ ഫയൽ എട്ടുതവണ ആരോഗ്യവകുപ്പ് സെക്രട്ടറിയും അഞ്ചുതവണ ആരോഗ്യമന്ത്രിയും കണ്ടു. പിന്നീടും പലവട്ടം വകുപ്പിൽ ചുറ്റിത്തിരിഞ്ഞു. ആരോഗ്യവകുപ്പ് ഫെബ്രുവരി 23ന് തയ്യാറാക്കിയ പ്രൊപ്പോസൽ ഈമാസം ഒന്നിനാണ് ധനകാര്യവകുപ്പിന് മുന്നിലെത്തിയത്. 6ന് ധനകാര്യ മന്ത്രിക്ക് മുന്നിലെത്തിയ ഫയൽ പരിശോധനയ്‌ക്കായി നൽകിയിരിക്കുകയാണ്. നേരത്തെ 1,000ലധികം തസ്തിക സൃഷ്ടിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അതും പാഴ്‌വാക്കായി.
14 ജില്ലകളിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്- 2 റാങ്ക് ലിസ്റ്റുകൾ നവംബർ 28 മുതൽ ജനുവരി 24 വരെയുള്ള വിവിധ തീയതികളിൽ റദ്ദാകും. ഫയലിൽ അടിയന്തര തീരുമാനമുണ്ടായില്ലെങ്കിൽ ജീവിതം വഴിമുട്ടുന്ന അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ. ഫയലിൽ തീരുമാനമുണ്ടായി ഒഴിവുകൾ പി.എസ്.സി അറിയിക്കുന്നതിനിടയിൽ പല ജില്ലകളിലെയും റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുമെന്നാണ് ആശങ്ക. ഫയൽനീക്കം വേഗത്തിലാക്കണമെന്ന അപേക്ഷയുമായി ഉദ്യോഗാർത്ഥികൾ പലവട്ടം ആരോഗ്യ, ധനവകുപ്പ് മന്ത്രിമാരെ കണ്ടിരുന്നു.
നിയമന ശുപാർശ ലഭിച്ചത് 1,265 പേർക്ക്
7,123 പേർ ഉൾപ്പെട്ട ലിസ്റ്റുകളിൽ നിന്ന് ഇതുവരെ 1,265 പേർക്കു മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ 3,067 പേർക്കാണ് നിയമനം ലഭിച്ചത്. തിരുവനന്തപുരം, പാലക്കാട്, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ മാത്രമാണ് 100 ലധികം നിയമനങ്ങൾ നടന്നത്. പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിൽ ഇത് 50ൽ താഴെയാണ്. വയനാട്ടിൽ 347 പേർ ഉൾപ്പെട്ട ലിസ്റ്റിൽ നിന്ന് 7 പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്.