
കേരളം ഉറ്റുനോക്കിക്കൊണ്ടിരുന്ന വയനാട്, പാലക്കാട്, ചേലക്കര ഇടക്കാല തിരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ ജയിച്ച കക്ഷികൾതന്നെ സീറ്റ് നിലനിറുത്തിയെന്നതിനപ്പുറം വലിയ രാഷ്ട്രീയ ഉരുൾപൊട്ടലുകളൊന്നും സംഭവിച്ചിട്ടില്ല. രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിച്ച് റായ്ബറേലി സീറ്റ് സ്വീകരിച്ചതോടെ ഒഴിവുവന്ന വയനാട് സീറ്റിൽ അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്കാഗാന്ധി വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെടുമെന്ന് എല്ലാവർക്കും ഉറപ്പുണ്ടായിരുന്നു. അത് ശരിയായിരുന്നുവെന്ന് പ്രിയങ്ക നേടിയ 4,10,931 വോട്ടിന്റെ ഭൂരിപക്ഷം അടിവരയിടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി കരസ്ഥമാക്കിയ ഭൂരിപക്ഷമായ 3,64,422 വോട്ടിലധികമാണ് പ്രിയങ്കഗാന്ധി നേടിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 46,509 വോട്ടുകൾ. എതിർ സ്ഥാനാർത്ഥികൾ ഏതാണ്ട് നിഷ്‌പ്രഭമായിപ്പോയ വയനാട് തിരഞ്ഞെടുപ്പിലെ പ്രിയങ്കയുടെ ഉജ്ജ്വല വിജയം എന്നും ഓർമ്മിക്കപ്പെടും.
വാശിയേറിയ ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരുപോലെ ആശ്വസിക്കാൻ വക നൽകുന്നതാണ്. ചേലക്കരയിൽ മുൻമന്ത്രി രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് പോയ ഒഴിവിൽ നടന്ന വോട്ടെടുപ്പിൽ യു.ആർ.പ്രദീപ് എൽ.ഡി.എഫിന് മികച്ച വിജയമാണ് നേടിക്കൊടുത്തത്. 2021 ലെ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ നേടിയ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിനടുത്തെത്താൻ കഴിഞ്ഞില്ലെങ്കിലും 12201 വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പിക്കാനായത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നേട്ടം തന്നെയാണ്. കോൺഗ്രസിന്റെ രമ്യാ ഹരിദാസ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ തുടർച്ചയായ രണ്ടു തിരഞ്ഞെടുപ്പുകളിലെ പരാജയവുമായി മടങ്ങേണ്ടിവരികയും ചെയ്തു. ചേലക്കരയിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം ചൂണ്ടിക്കാട്ടി ഭരണവിരുദ്ധ വികാരമാണ് ഇതിൽ കാണാൻ കഴിയുന്നതെന്ന് എതിർ ചേരിക്കാർ വാദിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഥയില്ലാത്ത വാദമായേ അതിനെ കാണാനാവൂ. വിജയം വിജയമായിത്തന്നെ അംഗീകരിക്കുകയാണ് വേണ്ടത്.
ഏറ്റവും വാശിയേറിയ മത്സരം നടന്ന പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയും സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം പാർട്ടിയിൽ നിന്നുപോലുമുണ്ടായ വിരുദ്ധ സാഹചര്യങ്ങൾ മിടുക്കോടെ നേരിട്ടുകൊണ്ട് കോൺഗ്രസിന് തകർപ്പൻ വിജയംതന്നെ നേടിക്കൊടുത്തതാണ് ഈ ഉപതിരഞ്ഞെടുപ്പുകളിലെ ഏറ്റവും പ്രശംസാർഹമായ കാര്യം. നോമിനേഷൻ ഘട്ടംമുതൽ വോട്ടെടുപ്പു ദിനംവരെ പലവിധ വിവാദങ്ങളും ട്വിസ്റ്റുകളും കൊണ്ട് അരങ്ങേറിയതായിരുന്നു പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണ നാളുകൾ. കോൺഗ്രസ് വിട്ട് നോമിനേഷൻ തീയതിയുടെ തൊട്ടുമുമ്പ് എൽ.ഡി.എഫിൽ ചേക്കേറിയ സരിൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. സരിനെ സ്ഥാനാർത്ഥിയായി ലഭിച്ചതിന്റെ ബലത്തിൽ പാലക്കാട് പിടിച്ചെടുക്കാമെന്ന എൽ.ഡി.എഫ് മോഹം നടന്നില്ലെന്നു മാത്രമല്ല വലിയ രാഷ്ട്രീയ തിരിച്ചടി നേരിടേണ്ടിയും വന്നു. രാഹുൽ മാങ്കൂട്ടം 18,840 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ കോൺഗ്രസിന്റെ തന്നെ മുൻ വിജയങ്ങളെയെല്ലാം കവച്ചുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ 3859 വോട്ടിനാണ് പാലക്കാട് ജയിച്ചത്. ഇക്കുറി ഭൂരിപക്ഷം ഷാഫിയെക്കാൾ നാലുമടങ്ങായി രാഹുൽ ഉയർത്തിയിരിക്കുകയാണ്. പ്രതികൂല ഘടകങ്ങൾ ഒട്ടേറെയുണ്ടായിട്ടും ഈ വിജയം ഏറ്റവും തിളക്കമാർന്നതുതന്നെയാണ്. പാലക്കാട് ഇത്തവണ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയോടെ മത്സരിച്ച ബി.ജെ.പിക്ക് വിജയത്തിന് അടുത്തെത്താൻപോലും കഴിഞ്ഞില്ല. വോട്ടെണ്ണലിന്റെ ആദ്യ രണ്ട് റൗണ്ടുകളിൽ മാത്രമാണ് ബി.ജെ.പി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ചെറിയ ലീഡെങ്കിലും നിലനിറുത്തിയത്. നഗരസഭാ കേന്ദ്രങ്ങളിലുണ്ടായിരുന്ന സ്വാധീനത്തിലും വലിയ ചോർച്ച നേരിടേണ്ടിവന്നു.
അടുത്തവർഷമാദ്യം നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാനൊരുങ്ങുന്ന എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഒട്ടേറെ പാഠങ്ങൾ പഠിക്കാൻ ഈ ഉപതിരഞ്ഞെടുപ്പുകളും ഉപകരിക്കേണ്ടതാണ്. പ്രചാരണരംഗത്തെ പതിവിൽക്കവിഞ്ഞ ആവേശവും ചൂടുമൊന്നുമല്ല വോട്ടർമാരുടെ മനസ് കീഴടക്കാനുള്ള വഴികളെന്ന് ഏവരും തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങൾക്കിടയിൽ ചേർന്നുനിന്ന് പ്രവർത്തിക്കാനുള്ള പഴയ ശീലവും സന്നദ്ധതയും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവാണ് വോട്ടിംഗ് ശതമാനത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ്.
ദേശീയതലത്തിലേക്ക് കടന്നാൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ വ്യത്യസ്തമായ ചിത്രങ്ങളാണ് തുറന്നുവയ്ക്കുന്നത്. രാജ്യത്തെ ഏറ്റവും സമ്പന്നവും മൂന്നാമത്തെ വലിയ സംസ്ഥാനവുമായ മഹാരാഷ്ട്ര എൻ.ഡി.എ സഖ്യത്തിനൊപ്പം പോകുമ്പോൾ ജാർഖണ്ഡിൽ ജെ.എം.എം- കോൺഗ്രസ് സഖ്യം അധികാരത്തിലേക്ക് കുതിക്കുകയാണ്. ഇത് എഴുതുമ്പോഴും അവിടങ്ങളിൽ വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല . 288 സീറ്റുകളുള്ള മഹാരാഷ്ട്രയിൽ ബി.ജെ.പി, ശിവസേന, എൻ.സി.പി കക്ഷികളുടെ മഹായുതി മുന്നണി നാലിൽ മൂന്നു ഭൂരിപക്ഷം നേടുമെന്നാണ് ഇതിനകം ലഭിക്കുന്ന ഫലസൂചനകൾ. മറുവശത്ത് കോൺഗ്രസ് ശിവസേന (ഉദ്ധവ് പക്ഷം) എൻ.സി.പി (ശരദ് പവാർ) എന്നീ കക്ഷികളുടെ മഹാവികാസ് അഘാഡിക്ക് മഹായുതിയുടെ നാലയലത്തുവരാൻ പോലും കഴിഞ്ഞിട്ടില്ല. ഫലപ്രവചന പണ്ഡിതന്മാരുടെ കണക്കുകൂട്ടലുകൾ ഒരിക്കൽകൂടി തെറ്റിയെന്നു തെളിക്കുന്നതാണ് മഹാരാഷ്ട്രാ തിരഞ്ഞെടുപ്പ് ഫലങ്ങൾ. ഒരു പ്രവചനത്തിലും ബി.ജെ.പി ഉൾപ്പെട്ട മഹായുതിക്ക് ഇരുനൂറ് സീറ്റിനടുത്ത് പ്രവചിച്ചിരുന്നില്ല. മഹാരാഷ്ട്രാഫലം തൂക്കുസഭയിലേക്കാവും നീങ്ങുക എന്ന് പ്രവചിച്ചവർ പോലുമുണ്ട്. എന്നാൽ ഇത്തരം പ്രവചനങ്ങൾ പാടെ തള്ളി ജനങ്ങൾ ബി.ജെ.പി മുന്നണിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് നയിക്കുന്നതിന്റെ അവിശ്വസനീയ കാഴ്ചയാണ് കാണാനാവുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 48- ൽ 31 സീറ്റുകളും ഇന്ത്യാസഖ്യം നേടിയതിന്റെ തിരിച്ചടി പാഠമായി ഉൾക്കൊണ്ട് സ്വീകരിച്ച നയസമീപനങ്ങളാണ് എൻ.ഡി.എ സഖ്യത്തെ ഇത്ര വലിയ വിജയത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. നാലുകോടി എഴുപതു ലക്ഷത്തോളംവരുന്ന സ്ത്രീകളിൽ രണ്ടരക്കോടി പേർക്ക് മാസംതോറും 1500 രൂപ സഹായം നൽകാനുള്ള മഹായുതി സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഉൾപ്പെടെയുള്ള പദ്ധതികൾ അവരെ വലിയതോതിൽ തുണച്ചിട്ടുണ്ട്. ഇതിന്റെ അനുകരണമെന്നോണം ഇന്ത്യ സഖ്യവും സ്ത്രീകൾക്ക് 3000 രൂപ നൽകുമെന്ന വാഗ്ദാനവുമായി രംഗത്തുവന്നിരുന്നു. ഫലമുണ്ടായില്ലെന്നുമാത്രം.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരുൾപ്പെടെ എൻ.ഡി.എ സഖ്യത്തിലെ ഒട്ടുമിക്ക പ്രമുഖ നേതാക്കളും വലിയ ലീഡുമായി ജയം നേടി. എൻ.ഡി.എ സഖ്യത്തിന്റെ ഈ മഹാവിജയം ഒപ്പം ചില രാഷ്ട്രീയ ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. മുഖ്യമന്ത്രിയായി ആരുവരുമെന്നതാണ് ആ ചോദ്യം. ഉപമുഖ്യമന്ത്രിയായിരിക്കുന്ന ഫഡ്നാവിസ് ആ കസേര ആഗ്രഹിക്കുന്ന നേതാവാണ്. അതുപോലെ ശിവസേനയെ പിളർത്തി മഹാരാഷ്ട്ര ഭരണം പിടിച്ച ഏക്‌നാഥ് ഷിൻഡെയും കസേര വിട്ടുകൊടുക്കാൻ തയ്യാറായെന്നു വരില്ല. ഫലപ്രഖ്യാപനം പൂർത്തിയായിക്കഴിഞ്ഞാൽ മുന്നണി കക്ഷികളെല്ലാം കേന്ദ്ര നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി മുഖ്യമന്ത്രി പദ പ്രശ്നത്തിൽ തീരുമാനമെടുക്കുമെന്നാണ് ഷിൻഡെ പറഞ്ഞത്. നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുമുണ്ട്. എൻ.ഡി.എ സഖ്യം മഹാഭൂരിപക്ഷത്തോടെ മഹാരാഷ്ട്രാ ഭരണത്തിലേറുമെന്ന് ഉറപ്പായിരിക്കുകയാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ നേട്ടമാകും ഇതെന്നതിൽ സംശയമില്ല.
ജാർഖണ്ഡിൽ 81 സീറ്റിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സൂചനകൾ ബി.ജെ.പി മുന്നണിക്ക് അനുകൂലമായിരുന്നെങ്കിൽ പിന്നീട് സ്ഥിതി മാറി. ഭരണകക്ഷിയായ ജെ.എം.എം കക്ഷിയുടെ നേതൃത്വത്തിലുള്ള മുന്നണി അവിടെ അധികാരം നിലനിറുത്തി. ജാർഖണ്ഡിലും ഫലം ബി.ജെ.പി മുന്നണിയെയാകും തുണയ്ക്കുകയെന്നായിരുന്നു ഫലപ്രവചനങ്ങൾ. ഒരൊറ്റ പ്രവചനക്കാരേ ഇന്ത്യ സഖ്യത്തിന് അനുകൂലമായിരുന്നുള്ളൂ.
ബി.ജെ.പി സഖ്യത്തിനും ഇന്ത്യ സഖ്യത്തിനും ഒരുപോലെ പ്രാധാന്യമർഹിക്കുന്നതാണ് മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും നിയമസഭാ തിരഞ്ഞെടുപ്പുകൾ. അതുപോലെ മഹാരാഷ്ട്രയിൽ ഇരു ശിവസേനകൾക്കും എൻ.സി.പിക്കും നിലനില്പിന്റെ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. കോൺഗ്രസും ശിവസേന ഉദ്ധവ് പക്ഷവും ദയനീയ പരാജയം നേരിട്ടിരിക്കുകയാണ്. സജീവ രാഷ്ട്രീയം മതിയാക്കാൻ പോവുകയാണെന്ന് ഈയിടെ സൂചിപ്പിച്ചു. 83 കാരനായ ശരദ് പവാറിന് കളംവിടാൻ സമയമായെന്ന് ഓർമ്മിപ്പിക്കുന്നതുകൂടിയാണ് മഹാരാഷ്ട്രാ തിരഞ്ഞെടുപ്പുഫലങ്ങൾ.