കാട്ടാക്കട: ഗ്രാമീണ മേഖലയിലെ ജനങ്ങൾ യാത്രാ ദുരിതത്തിൽ. ഓഫീസ്,സ്കൂൾ ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകുന്നവരാണ് ബസുകളുടെ കുറവ് കാരണം ബുദ്ധിമുട്ടിലായത്. കാട്ടാക്കട ഡിപ്പോയിൽ നിന്നും മാത്രം ഫാസ്റ്റ്, ജെൻറം സർവീസ് ഉൾപ്പെടെ 11 ബസുകൾ ശബരിമല സർവീസിനായി പമ്പയിലേക്ക് ട്രാൻസ്ഫർ ചെയ്തു. സമീപ ഡിപ്പോകളിലെ ബസുകളും ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. വൃശ്ചികം ഒന്ന് മുതലാണ് പമ്പയിൽ സർവീസ് ആരംഭിച്ചതെങ്കിലും ബസില്ലാതെ ഗ്രാമീണ മേഖലകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കേണ്ട സാഹചര്യമാണ്. പ്രദേശത്തെ പ്രധാന ബസ് സ്റ്റേഷനായ കാട്ടാക്കട എത്താനും ഇവിടെ നിന്നും സമയത്തിന് പോകാൻ മറ്റ് ബസുകൾ ഇല്ലാത്തതുമാണ് ജനങ്ങളെ വലയ്ക്കുന്നത്. കാട്ടാക്കടയിൽ നിന്നും നഗരത്തിലെത്താൻ കഴിയാതെ ആളുകൾ കാട്ടാക്കട ബസ് സ്റ്റാൻഡിൽ കുടുങ്ങിയ സംഭവവുമുണ്ടായി. നെയ്യാർ ഡാം,കള്ളിക്കാട്,അമ്പൂരി,മായം, പൂഴനാട്,മണ്ഡപത്തിൻ കടവ്,കുറ്റിച്ചൽ,വെള്ളനാട്,ആര്യനാട് ഇടങ്ങളിലെ സ്ഥിരം യാത്രക്കാർ ബസ് കിട്ടാതെ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥയാണ്. അയ്യപ്പ ഭക്തർക്ക് സൗകര്യം ഒരുക്കേണ്ടത് ആവശ്യമാണെങ്കിലും പകരം ക്രമീകരണം ഒരുക്കാത്തത് യാത്രക്കാരിൽ പ്രതിഷേധം ഉണ്ടാകുന്നുണ്ട്.

കാട്ടാക്കടയിൽ നിന്നും മുൻപ് 61സർവീസുകളാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 45 മുതൽ 50സർവീസ് മാത്രമേ അധികൃതർക്ക് കഴിയുന്നുള്ളൂ. പകരം സംവിധാനം ഒരുക്കിയില്ലെങ്കിൽ യാത്രക്കാർ മണ്ഡലകാലം കഴിയുന്നതുവരെ ബുദ്ധിമുട്ടിലാകും.