
കാട്ടാക്കട: ആനവണ്ടിയുടെ വളയം പിടിച്ച് കാട്ടാക്കടക്കാരി ചരിത്രത്തിലിടം നേടി. കാട്ടാക്കടയിൽ ടാക്സി ഡ്രൈവറായിരുന്ന രസാലത്തിന്റേയും ശാന്തയുടെയും മകളും കാട്ടാക്കട പനയംകോട് തതടത്തരികത്ത് വീട്ടിൽ വെൽഡിംഗ് തൊഴിലാളി ബനാർജിയുടെ
ഭാര്യയുമായ രാജിയാണ് ആന വണ്ടിയുടെ വളയം പിടിച്ചു ജനശ്രദ്ധ പിടിച്ചു പറ്റിയത്. കുട്ടികാലത്ത് അച്ഛൻ കാറും ലോറിയുമൊക്കെ വീട്ടിൽ കൊണ്ടുവരുമ്പോൾ വാഹനം കഴുകാനും അറ്റകുറ്റപ്പണിക്കെല്ലാം കൂടെ കൂടി തുടങ്ങിയതാണ് രാജിക്കും വാഹനങ്ങളോടുള്ള ഇഷ്ടം. പിന്നീടങ്ങോട്ട് സ്കൂൾ പഠന കാലത്തും ഡിഗ്രി കാലത്തുമെല്ലാം ഈ ഇഷ്ടത്തെ കൂടെ കൂട്ടി. സ്കൂട്ടറും കാറും ലോറിയും ഓടിക്കാൻ അച്ഛന്റെ ശിക്ഷണത്തിൽ തന്നെ പഠിച്ചു. വാഹനത്തോടുള്ള ഇഷ്ടവും കൂടുതൽ സമയം വാഹനം ഓടിക്കണം എന്ന ആഗ്രഹവും ചെന്നെത്തിയത് ഡ്രൈവിംഗ് സ്കൂൾ പരിശീലകയുടെ വേഷത്തിലായിരുന്നു. അവിടെ നിന്നാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർ വേഷത്തിലേക്ക് രാജിയെ എത്തിച്ചത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം കാട്ടാക്കടയുടെ നിരത്തുകളിൽ രാജി ഡ്രൈവിംഗ് പരിശീലക എന്ന നിലയ്ക്ക് പരിചിതയാണ്. എപ്പോഴും കാറിൽ പ്രായഭേദമെന്യേ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നവർക്ക് നിർദ്ദേശങ്ങൾ നൽകി പോകുന്ന രാജിയെ അറിയാത്തവരില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.50ന് കാട്ടാക്കടയിൽ നിന്നും കാട്ടാക്കട പ്ലാമ്പഴിഞ്ഞി കന്നി റൂട്ടിൽ കണ്ടക്ടർ അശ്വതി ഡബ്ബിൾ ബല്ലടിച്ച് ആദ്യ ട്രിപ്പ് ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടുമ്പോൾ ആർ.എൻ.ഇ 959 വേണാട് ബസിലെ യാത്രക്കാർക്കും,ഡിപ്പോയിൽ ഇതേ ബസിന് സമീപത്ത് ഉണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും ഒക്കെ കൗതുകമായി ഡ്രൈവിംഗ് സീറ്റിലെ രാജിയെ.
ആദ്യ യാത്ര വളരെ കൗതുകം
ആദ്യ യാത്രയും കെ.എസ്.ആർ.ടി.സി ഡ്രൈവിങ്ങും ഒരു പ്രത്യേക അനുഭവമായി മാറി എന്ന് രാജി പറഞ്ഞു. ആനവണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ വനിതയാണെന്ന് കണ്ട ആളുകൾ കൈകാണിച്ച് പ്രോത്സാഹിപ്പിച്ചു, ചിലർ ഉച്ചത്തിൽ വിളിച്ച് ആശംസയും ഉപദേശവും നൽകി. ഇതേ സ്ഥിതിയായിരുന്നു നിരത്തിലുടനീളം. ഉച്ചക്ക് 1.50ന് പുറപ്പെട്ട പ്ലാമ്പഴിഞ്ഞി തുടർന്ന് 3ന് കോട്ടൂർ,കിക്മ,നെയ്യാർ ഡാം,കാട്ടാക്കട, 4.40ന് പാപ്പനം സർക്കുലർ, 5.30 പന്നിയോട് സർക്കുലർ, 6.45 കോട്ടൂർ കാട്ടാക്കട, 8.10 കോട്ടൂർ - കാട്ടാക്കട എന്നിങ്ങനെ രാത്രി പത്തോടെ ആദ്യ ഡ്യൂട്ടി അവസാനിക്കുമ്പോൾ ആദ്യ ദിനത്തിൽ തന്നെ 150 കിലോമീറ്റർ റെക്കാഡ് ബുക്കിലേക്ക് കയറി. കെ.എസ്.ആർ.ടി.സി നടത്തിയ പരീക്ഷയിൽ രണ്ടാം റാങ്കോടെ ഏക വനിത സംസ്ഥാനത്തെ രണ്ടാമത്തെ കെ.എസ്.ആർ.ടി.സി വനിതാ ഡ്രൈവറായി. ജില്ലയിലെയും ഒപ്പം കാട്ടാക്കട ഡിപ്പോയിലേയും ആദ്യ വനിത ഡ്രൈവറായി മറ്റൊരു റെക്കാഡിനും രാജി അർഹയായി.