
തിരുവനന്തപുരം: കേരള സർവകലാശാലയിൽ നാലു വർഷ ബിരുദ പരീക്ഷ തിങ്കളാഴ്ച മുതൽ ഡിസംബർ ആറുവരെ നടത്തും. 155 കോളേജുകളിലായി 23000 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 65 വ്യത്യസ്ത കോഴ്സുകളാണുള്ളത്. സർവകലാശാല തയ്യാറാക്കുന്ന ചോദ്യപേപ്പർ പരീക്ഷാദിവസം രാവിലെ ഓൺലൈനായി കോളേജുകളിലേക്ക് അയയ്ക്കും. പരീക്ഷയ്ക്ക് മൂന്നു മണിക്കൂർ മുൻപ് കോളേജുകളിൽ പ്രിന്റെടുക്കാം. നിലവിൽ പി.ജി പരീക്ഷയ്ക്ക് ഈ സംവിധാനമാണ്. നാലുവർഷ ബിരുദത്തിൽ ഒന്നിടവിട്ട സെമസ്റ്ററുകൾ മൂല്യനിർണയം കോളേജുകളിലും വാഴ്സിറ്റിയിലുമാണ്. ആദ്യ സെമസ്റ്റർ മൂല്യനിർണയം കോളേജുകളിലാണ്. ഓരോ കോളേജിലും ക്യാമ്പും ക്യാമ്പ് ഡയറക്ടറുമുണ്ടാവും. ഡിസംബർ ഏഴു മുതൽ മൂല്യനിർണയം തുടങ്ങും. ഒരു അദ്ധ്യാപകൻ രണ്ട് മണിക്കൂർ പരീക്ഷയുടെ 40പേപ്പറും ഒന്നര മണിക്കൂർ പരീക്ഷയുടെ 50പേപ്പറും ഒരു ദിവസം മൂല്യനിർണയം നടത്തി അന്നുതന്നെ മാർക്ക് വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ഡിസംബർ 20നകം ഫലം പ്രസിദ്ധീകരിക്കും. അമ്പതോളം ബോർഡ് ഒഫ് സ്റ്റഡീസുകളുടെ യോഗം ഇന്നലെ ചേർന്ന് മൂല്യനിർണയത്തിനുള്ള സ്കീം തീരുമാനിച്ചു. ഇത് ഡിസംബർ ആറിനകം കോളേജുകൾക്ക് കൈമാറും. അഫിലിയേറ്റഡ് കോളേജുകളിൽ ആദ്യമായാണ് നാലുവർഷ ബിരുദ പരീക്ഷ നടക്കുന്നത്.
ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ഫീസ് പുതുക്കി
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ബിടെക്, ബി.ബി.എ, ബി.സി.എ കോഴ്സുകളുടെ ഫീസ് നിരക്ക് പുതുക്കി നിശ്ചയിച്ചു. എറണാകുളം മോഡൽ എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബി.ടെക് കോഴ്സുകൾക്ക് എൻ.ആർ.ഐ ക്വോട്ടയിൽ 1.10ലക്ഷമായിരുന്ന വാർഷിക ഫീസ് 2 ലക്ഷമാക്കി. മെരിറ്റ്, മാനേജ്മെന്റ് ക്വോട്ടകളിലെ ഫീസിൽ മാറ്റമില്ല. മറ്റ് എൻജിനിയറിംഗ് ബ്രാഞ്ചുകളിൽ എൻ.ആർ.ഐ ഫീസ് 1.50 ലക്ഷമാക്കി. ചെങ്ങന്നൂർ കോളേജ് ഒഫ് എൻജിനിയറിംഗിൽ ബിടെക് കമ്പ്യൂട്ടർ സയൻസ് എൻ.ആർ.ഐ ഫീസ് 1.5ലക്ഷമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്സിൽ മെരിറ്റിൽ 45,000 രൂപ വരെയും മാനേജ്മെന്റ് ക്വോട്ടയിൽ 75000 രൂപ വരെയും ഫീസ് നിശ്ചയിച്ചു.
അടൂർ എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസിന് എൻ.ആർ.ഐ ക്വോട്ടയിൽ 1.25ലക്ഷമാണ് ഫീസ്. അടൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പൂഞ്ഞാർ എന്നിവിടങ്ങളിലെ എൻജിനിയറിംഗ് കോളേജുകളിലെ ബി.ബി.എ, ബി.സി.എ കോഴ്സുകളിൽ 25000 രൂപയാണ് സെമസ്റ്റർ ഫീസ്. എൻ.ആർ.ഐ ക്വോട്ടയിൽ 75000 രൂപയാണ് ഫീസ്. പുതുക്കിയ ഫീസ് ഇക്കൊല്ലം മുതൽ പ്രാബല്യത്തിലായി.
എൻട്രൻസ്: ഓൺലൈനായി ഫീസടയ്ക്കാൻ കൂടുതൽ സൗകര്യം
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ഫീസടയ്ക്കാൻ രണ്ടാമതൊരു ഗേറ്റ് വേ തിരഞ്ഞെടുക്കുന്ന തരത്തിൽ കൂടുതൽ സൗകര്യമൊരുക്കാൻ സർക്കാർ അനുമതി. നിലവിൽ ഒരു പേയ്മെന്റ് ഗേറ്റ്വേ ഉപയോഗിച്ചേ ഫീസടയ്ക്കാനാവൂ. വെബ്സൈറ്റിൽ രണ്ടാമതൊരു പേയ്മെന്റ് ഗേറ്റ്വേ കൂട്ടിച്ചേർക്കാനാണ് സർക്കാർ ഉത്തരവ്. വിദ്യാർത്ഥികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിശ്ചിത സമയ പരിധിക്കകം ഫീസടയ്ക്കാനുള്ള സൗകര്യത്തിനാണിത്.