തിരുവനന്തപുരം: 31-ാമത് സംസ്ഥാന ഫുൾ കോൺടാക്ട് ഇന്റർനാഷണൽ കരാട്ടെ അലയൻസ് ഫുൾ കോണ്ടാക്ട് കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ടൂർണമെന്റ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ഇതുവരെ സംസ്ഥാന അംഗീകാരമില്ലാത്ത ജപ്പാന്റെ കിയോ കിഷൻ കരാട്ടേയ്ക്ക് നിവേദനം നൽകിയാൽ പരിഗണിക്കാമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. ജപ്പാന്റെ കിയോ കിഷൻ കരാട്ടെ ഒളിംപിക്സ് കായിക ഇനമാണ്. കേന്ദ്ര സർക്കാരും അംഗീകരിച്ചിട്ടുണ്ട്. പക്ഷേ നാളിതുവരെ ഇത് കേരള സർക്കാർ കായിക ഇനമായി അംഗീകരിച്ചിട്ടില്ല. സർക്കാർ അംഗീകാരം കിട്ടിയാൽ ഇത് സ്കൂൾ കായിക മേളകളിൽ ഇടം പിടിക്കും. ഇന്നലെ നടന്ന ടൂർണമെന്റിൽ ആൺ-പെൺ വയ്ത്യാസമില്ലാതെ സംസ്ഥാനത്തെമ്പാടു നിന്നും അഞ്ചു വയസ്സു മുതലുള്ള കുട്ടികൾ പങ്കെടുക്കാനെത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ ടൂർണമെന്റ് ജനറൽ കൺവീനർ അഡ്വ.അരുൺകുമാർ സംബന്ധിച്ചു. വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങിൽ യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ,സായി ഡയറക്ടർ ഡോ.കിഷോർ,ഇൻകംടാക്സ് അഡീ.കമ്മീഷണർ ഹരി,ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവർ സംബന്ധിച്ചു.