കോവളം: ഡിസംബർ 17,18 തീയതികളിൽ തിരുവല്ലത്ത് നടക്കുന്ന ജില്ലാ ക്ഷീര സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം പാച്ചല്ലൂർ കയർ സഹകരണ സംഘം ഹാളിൽ നടന്നു.പുഞ്ചക്കരി വാർഡ് കൗൺസിലർ ഡി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി.ബൈജു ഉദ്ഘാടനം ചെയ്തു. തിരുവല്ലം ക്ഷീരസംഘം പ്രസിഡന്റ് കെ.എസ്.മധുസൂദനൻ നായർ സ്വാഗതം പറഞ്ഞു.ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.സിന്ധു ആമുഖപ്രസംഗം നടത്തി. ക്ഷീരവകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് നിഷ എ.സലീം പദ്ധതി വിശദീകരണം നടത്തി.അസിസ്റ്റന്റ് ഡയറക്ടർ രാജി രാജൻ,ക്ഷീരവികസന ഓഫീസർ എസ്.പ്രഭ,വിവിധ ക്ഷീരസംഘം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.ക്ഷീരസംഗമത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ,ചിത്രരചനാമത്സരം,കന്നുകാലി പ്രദർശനം,ക്ഷീര ഉത്പന്നങ്ങളുടെ പ്രദർശനം,ക്ഷീര സമൃദ്ധിപ്രദർശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.359ക്ഷീരസംഘങ്ങൾ,18000 ക്ഷീര കർഷകരും ഉൾപ്പെടുന്നതാണ് ജില്ലയിലെ ക്ഷീരസംഗമം.
ആദ്യമായിട്ടാണ് നഗരസഭയുടെ പരിധിയിൽ ക്ഷീരസംഗമം സംഘടിപ്പിക്കുന്നതെന്നും വിപുലമായ ക്രമീകരണങ്ങളോടെയാണ് സംഗമം സംഘടിപ്പിക്കുന്നതെന്നും കൗൺസിലർ പനത്തുറ പി.ബൈജു പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായി എം.പിമാരായ ഡോ.ശരി തരൂർ,അടൂർ പ്രകാശ്,ജില്ലയിലെ എം.എൽ.എമാർ,മേയർ ആര്യാ രാജേന്ദ്രൻ,ഡെപ്യൂട്ടി മേയർ പി.കെ.രാജു,നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നാസർ,കൗൺസിലർമാരായ ഡി.ശിവൻകുട്ടി,വി.സത്യവതി,പി.പ്രമീള,പനത്തുറ പി.ബൈജു എന്നിവർ രക്ഷാധികാരികളായും, കെ.എസ്.മധുസൂദനൻ നായർ ചെയർമാനായും ക്ഷീര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.സിന്ധു ജനറൽ കൺവീനറായും 101 അംഗ സ്വാഗതസംഘവും രൂപീകരിച്ചു.