
തിരുവനന്തപുരം: ആധാരം ഉൾപ്പെടെയുള്ള രജിസ്ട്രേഷനുകൾക്ക് പൂർണതോതിൽ ഇ സ്റ്റാമ്പിംഗ് ഏർപ്പെടുത്തിയെങ്കിലും അത് കൃത്യമായി നടപ്പിലാവാത്തതിനാൽ ജനങ്ങൾ വലയുന്നു. 10 രൂപമുതലുള്ള പ്രിന്റഡ് മുദ്രപ്പത്രങ്ങൾ നിലവിൽ അംഗീകൃതമാണെങ്കിലും അതും ലഭിക്കുന്നില്ല. വിവിധ കോഴ്സുകളിൽ അഡ്മിഷൻ കിട്ടിയ വിദ്യാർത്ഥികൾക്ക് ബോണ്ട് നൽകാൻ 200രൂപയുടെ മുദ്രപ്പത്രത്തിന് പരക്കംപാച്ചിലാണ്. വാടകക്കരാർ എഴുതേണ്ടവരും പ്രതിസന്ധിയിലായി. ഇ സ്റ്റാമ്പിംഗ് സംവിധാനത്തോട്
വെണ്ടർമാർ വിമുഖത കാട്ടുന്നതാണ് മുഖ്യപ്രശ്നം. 500 രൂപ വരെയുള്ള ഇ സ്റ്റാമ്പിന് പ്രിന്റിംഗ് ചാർജ് ഈടാക്കരുതെന്ന നിബന്ധനയെ അവർ എതിർക്കുകയാണ്.
കമ്മിഷൻ തുകയിലും തൃപ്തരല്ല.ഇ സ്റ്റാമ്പിംഗ് മുദ്രപത്രത്തിലെ സാങ്കേതിക പ്രശ്നങ്ങളും മറ്റൊരു കാരണമാണ്. പല വെണ്ടർമാരും പഴയ രീതിയിലാണ് രജിസ്ട്രേഷൻ നടത്തുന്നത്.
1000 രൂപ വരെ മുഖവിലയുള്ള മുദ്രപ്പത്രത്തിന് 4.5 ശതമാനമാണ് വെണ്ടർ കമ്മിഷൻ.10,000 വരെ 2.5 ശതമാനവും ഒരു ലക്ഷം വരെ രണ്ട് ശതമാനവും.
രജിസ്‌ട്രേഷൻ വകുപ്പിന്റെ പോർട്ടലായ പേളിൽ (PEARL) പ്രവേശിച്ച് ആധാരവിവരങ്ങളും രജിസ്‌ട്രേഷനു വേണ്ട വിശദാംശങ്ങളും നൽകിയാൽ വസ്തുവിന്റെ ന്യായവിലയ്ക്ക് അനുസൃതമായ ഇ സ്റ്റാമ്പിംഗ് തുകയ്ക്കുള്ള പേ സ്ളിപ്പ് കിട്ടും. ഈ സ്ളിപ്പിലെ വിവരങ്ങൾ അപ് ലോഡ് ചെയ്താൽ, ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ കളർ ഇ സ്റ്റാമ്പ് പ്രിന്റ് ഔട്ട് എടുക്കാമെന്നാണ് അറിയിച്ചിരുന്നത്. കമ്പ്യൂട്ടറിൽ ഇ സ്റ്റാമ്പ് കാണുന്നത് കളറിലാണെങ്കിലും പ്രിന്റ് ഔട്ട് ബ്ളാക്ക് ആൻഡ് വൈറ്റിലാണ് കിട്ടുന്നത്. ഈ സാങ്കേതിക പ്രശ്നവും പരിഹരിക്കേണ്ടതുണ്ട്.
മുദ്രപ്പത്ര ക്ഷാമം
സമ്പൂർണ്ണ ഇ സ്റ്റാമ്പിംഗ് നടപ്പാക്കുന്ന പശ്ചാത്തലത്തിൽ മുദ്രപ്പത്രങ്ങൾക്ക് സർക്കാർ ഓർഡർ നൽകാതിരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. 50 രൂപയുടെ അഞ്ചര ലക്ഷത്തോളം മുദ്രപ്പത്രങ്ങൾ കഴിഞ്ഞ ദിവസം നാസിക്കിൽ നിന്ന് സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ എത്തിച്ചെങ്കിലും ട്രഷറികളിലേക്ക് അയച്ചുതുടങ്ങിയില്ല. കുറഞ്ഞ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങൾ മൂല്യം വർദ്ധിപ്പിച്ച് നൽകാമെങ്കിലും രണ്ടോ മൂന്നോ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇതിനുള്ള അധികാരം.
വരുമാനത്തിലും മന്ദത
രജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം കൂടിയിട്ടുണ്ടെങ്കിലും മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വരവ് മന്ദതയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഒക്ടോബർ വരെ ലക്ഷ്യം വച്ചതിന്റെ 93.61 ശതമാനം വരുമാനം കിട്ടിയെങ്കിൽ, നടപ്പു സാമ്പത്തിക വർഷം ഇതേ കാലയളവിൽ 88.84 ശതമാനമായി.
3055.85 കോടി:
ഒക്ടോബർ
വരെയുള്ള
വരുമാനം
2248.95 കോടി:
സ്റ്റാമ്പ് ഡ്യൂട്ടി
806.90 കോടി:
രജിസ്ട്രേഷൻ ഫീ