
ആറ്റിങ്ങൽ: അർദ്ധരാത്രി വീടിന് മുന്നിൽ പാർക്ക്ചെയ്തിരുന്ന കാർ കത്തിച്ച സംഭവത്തിൽ അമ്മയും 15 വയസുകാരനായ മകനും അറസ്റ്റിൽ. വഞ്ചിയൂർ പട്ടള അശ്വതി ഭവനിൽ അശ്വതി (38)യും പ്രായപൂർത്തിയാകാത്ത മകനുമാണ് അറസ്റ്റിലായത്. ആലംകോട് ഹൈസ്കൂളിന് സമീപം ദാറുൽ ഹുദാ വീട്ടിൽ സഫറുദ്ദീന്റെ കാറാണ് കത്തിച്ചത്. സംഭവ ദിവസം രാത്രി ഇരുചക്രവാഹനത്തിലെത്തിയ പ്രതികൾ ലക്ഷങ്ങൾ വിലയുള്ള കാറിന് നേരെ പെട്രോൾ നിറച്ച കാന്നാസ് കത്തിച്ചെറിയുകയായിരുന്നു. കാറിലും വീട്ടിലും തീ പടരുന്നത് കണ്ട സറഫുദീന് തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു. സഫറുദ്ദീന്റെ മകളുടെ സഹപാഠിയും മാതാവുമാണ് പ്രതികൾ. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാകാം അക്രമണമെന്ന് പൊലീസ് പറഞ്ഞു. ഇതിന് മുമ്പും സഫറുദ്ദീന്റെ വീട്ടിൽ അതിക്രമം കാട്ടിയതിനും സഫറുദ്ദീന്റെ ഭാര്യയെ വീട്ടിൽ കയറി തല്ലിയതിനും പ്രതികൾക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്.
വീട്ടിലെയും സമീപത്തെ സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞത്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം നഗരൂർ എസ്.എച്ച്.ഒ അജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അശ്വതിയെ ആറ്റിങ്ങൽ കോടതിയിലും മകനെ ജുവനൈൽ കോടതിയിലും ഹാജരാക്കി റിമാന്റ് ചെയ്തു.