h

തിരുവനന്തപുരം: കരമനയിൽ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി കരമന പൊലീസ്. തളിയിൽ സ്വദേശികളായ വിഷ്ണുരാജ്, വിജയരാജ് എന്നിവരാണ് ഒളിവിലുള്ളത്. മറ്റൊരു പ്രതി പൂന്തോപ്പ് കോളനി സ്വദേശി സൂരജിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിൽ ഗ്രേഡ് എസ്‌.ഐ ബിനിൽ കുമാർ, സി.പി.ഒ ശരത്, ഹോംഗാർഡ് ചന്ദ്രകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ബിനിൽ കുമാറിന്റെ കൈക്ക് ചതവുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം. പ്രതികളിൽ ഒരാളായ സൂരജിന്റെ വീട്ടിൽ പ്രതികൾ ലഹരിപാർട്ടി നടത്തി. വാളും കത്തിയും മറ്റ് മാരകായുധങ്ങളുമായാണ് ഇവർ ഒത്തുകൂടിയത്. മദ്യപാനവും ലഹരി ഉപയോഗവും അമിതമായതോടെ ഇവർ ബഹളം വയ്ക്കുകയും പരസ്പരം കലഹിക്കുകയും ചെയ്തു. ഇത് സഹികെട്ട സൂരജിന്റെ അമ്മ പൊലീസിൽ നൽകിയവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പൊലീസിനെ കണ്ട വിഷ്ണുരാജും വിജയരാജും ഓടി രക്ഷപെട്ടു. സൂരജിനെ പിടികൂടാൻ ശ്രമിക്കവെ ഗ്രേഡ് എസ്‌.ഐ ബിനിൽ കുമാറിനെ സൂരജ് ആക്രമിച്ചു. ഈ സമയം വിഷ്ണുരാജും വിജയരാജും തിരിച്ചെത്തി ശരത്തിനെയും ചന്ദ്രകുമാറിനെയും മർദ്ദിച്ചു. അപ്രതീക്ഷിതമായി ഇരുമ്പ് കമ്പിയും തടികഷ്ണങ്ങളും കൊണ്ടുള്ള ആക്രമണമായിരുന്നതിനാൽ പൊലീസിന് ആക്രമണം ചെറുക്കാൻ കഴിഞ്ഞില്ല. ഒളിവിൽപോയ പ്രതികൾ സംസ്ഥാനം വിട്ടെന്നും സൂചനയുണ്ട്.

2019ൽ കരമനയിൽ അനന്തു ഗിരീഷ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് വിഷ്ണു രാജും വിജയരാജും. ഇവരുടെ സഹോരദൻ വിനീഷ് രാജ് മരുതൂർകടവ് പഞ്ചിപ്ലാവിള വീട്ടിൽ അഖിലിനെ(26) നടുറോഡിൽ അടിച്ചുകൊന്ന കേസിലെ പ്രതിയാണ്. കരമന എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 വിഷ്ണു രാജിനെതിരെ കാപ്പ

സ്ഥിരം കേസുകളിൽ പ്രതിയായ വിഷ്ണു രാജിനെതിരെ കാപ്പാ ചുമത്താനുള്ള അപേക്ഷ നൽകി കരമന പൊലീസ്. അനന്തു കേസിലെ സൂത്രധാരനും മുഖ്യപ്രതിയുമാണ് വിഷ്ണു. പ്രദേശത്തെ ക്രമ സമാധാന നിലയിൽ പ്രശ്നമുണ്ടാകുമെന്ന വിലയിരുത്തലിലാണ് നടപടി. കൊലപാതകം,​വധശ്രമം,​അടിപിടി,​ലഹരി,പോക്സോ തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ.