a

കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഉരുക്ക് വാട്ടർടാങ്ക് ഇപ്പോഴും പവർഫുൾ.ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ചതാണിത്. ഇപ്പോഴും ടാങ്ക് വൃത്തിയാക്കി വെള്ളം നിറയ്ക്കുന്നു. ട്രെയിനിനാവശ്യമായ വെളളം ശേഖരിച്ചിരുന്നത് ഈ ടാങ്കിൽ നിന്നായിരുന്നു. അക്കാലത്ത് സ്റ്റേഷന്റെ തെക്കും വടക്കും ഭാഗങ്ങളിൽ പാളത്തിനടുത്ത് തൂണുകൾ പോലെ ഉരുക്ക് പെെപ്പുകൾ നാട്ടിയിരുന്നു. ജലവിതരണം നിയന്ത്രിക്കാൻ ഉരുക്ക് പെെപ്പ് തൂണിന് താഴെ സ്റ്റിയറിംഗ് പോലെ വാൽവും ഉണ്ടായിരുന്നു.എല്ലാ ട്രെയിനുകൾക്കും അന്ന് ഈ സ്റ്റേഷനിൽ സ്റ്റോപ്പുണ്ടായിരുന്നു. സ്റ്റേഷൻ വളപ്പിൽ പലയിടത്തും അക്കാലത്ത് കൽക്കരിക്കൂന കൂട്ടിയിട്ടിരുന്നു. തീവണ്ടിയിൽ കൽക്കരി കുറഞ്ഞാൽ ഇവിടെ നിന്നും എൻജിനോടു ചേർന്നുള്ള സ്റ്റോറേജിലേക്ക് കൽക്കരി നിറയ്ക്കുന്നതായിരുന്നു പതിവ്.ഈ റെയിൽവേ സ്റ്റേഷനിൽ നിന്നും ഉദ്ദേശം നാലുകിലോമീറ്ററിനുള്ളിലാണ് അഞ്ചുതെങ്ങ് കോട്ട.


ഇരിപ്പിടവും മേൽക്കൂരയുമില്ല


ഇപ്പോൾ പത്തോളം എക്സ‌പ്രസ് ട്രെയിനുകൾക്ക് മാത്രമാണ് ഈ സ്റ്റേഷനിൽ സ്റ്റോപ്പുളളത്.സ്റ്റേഷനും പരിസരവും കാടുപിടിച്ച നിലയിലാണ്.പ്ലാറ്റ്ഫോമിന്റെ തറയിലെ ഓട് മാറ്റി പുതിയ ടെെൽസിടുന്ന പണി തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയാവുന്നു.തെക്കും വടക്കും ഭാഗങ്ങളിൽ പ്ലാറ്റ്ഫോം ദീർഘിപ്പിച്ചെങ്കിലും ലെെറ്റുകൾ ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.വെളിച്ചമില്ലാത്ത ഇവിടെ പിടിച്ചുപറിക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറി. ഒന്നാം പ്ലാറ്റ്ഫോമിലെ ഇരിപ്പിടങ്ങളിൽ പകൽസമയത്തും സാമൂഹ്യവിരുദ്ധരെത്തി മദ്യപിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കാടും വള്ളിപ്പടർപ്പുകളും നിറഞ്ഞ് കടയ്ക്കാവൂർ എന്നുള്ള ബോർഡും മറഞ്ഞു.പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലത്തിൽ മേൽക്കൂര ഉണ്ടെങ്കിലും മഴയത്ത് ഇതിനകത്ത് വെള്ളം കെട്ടിനിൽക്കും. തിളക്കമുള്ള ടൈൽ പാകിയിരിക്കുന്നതിനാൽ മഴയത്ത് ഇതിലൂടെ പോകുന്നവർ തെന്നി വീഴുമെന്ന് യാത്രക്കാർ പരാതിപ്പെട്ടു. പാസഞ്ചേഴ്സ് അസോസിയേഷൻ കാര്യക്ഷമമല്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇവിടെ പൊലീസ് ഡ്യൂട്ടിയില്ലാത്തതിനാൽ സ്ത്രീകളടക്കമുള്ള യാത്രക്കാർ ഭീതിയോടെയാണ് ഇവിടെയെത്തുന്നത്. കൂടാതെ ഇരിപ്പിടവും മേൽക്കൂരയില്ലാത്തതും യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നു.