ss

പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2 ഉടൻ ആരംഭിക്കും. അമ്മയായ ശേഷം ക്യാമറയ്ക്ക് മുൻപിലേക്ക് ബോളിവുഡ് താരം ദീപിക പദുകോൺ മടങ്ങി എത്തുന്ന ചിത്രം കൂടിയാണ് കൽക്കിയുടെ രണ്ടാംഭാഗം. നിറവയറുമായാണ് കൽക്കി 2898 എ ഡി സിനിമയിൽ ദീപിക പദുകോൺ അഭിനയിച്ചത്.

രണ്ടാം ഭാഗത്തിന്റെ 35 ശതമാനം ഇതിനകം ചിത്രീകരിച്ചെന്നും പ്രീ പ്രൊഡക്ഷൻ നടക്കുകയാണെന്നും നിർമ്മാതാവ് സ്വപ്നദത്തും പ്രിയങ്ക ദത്തും അറിയിച്ചു.

ആദ്യഭാഗത്തെ പോലെതന്നെ രണ്ടാംഭാഗത്തിന്റെയും ആഗോള റിലീസാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ ആയിരം കോടി കളക്ഷൻ സ്വന്തമാക്കിയ ചിത്രം കൂടിയായിരുന്നു കൽക്കി 2898 എഡി.

മെഗാ ബഡ്ജറ്റിൽ എത്തിയ സയൻസ് ഫിക്ഷൻ ചിത്രത്തിൽ കമൽഹാസനാണ് പ്രതി നായകനായി എത്തിയത്. ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്. അശ്വത്ഥാമാവായി അമിതാഭ് ബച്ചൻ എത്തിയ ചിത്രത്തിൽ വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ എന്നിവർ അതിഥി വേഷങ്ങളിൽ എത്തിയിരുന്നു.മലയാളി താരം അന്ന ബെന്നിന്റെ തെലുങ്ക് അരങ്ങേറ്റം കൂടിയായിരുന്നു.