p

തിരുവനന്തപുരം: സപ്ലൈകോ വിതരണ കേന്ദ്രങ്ങളിൽ അരിയൊഴികെ സബ്സിഡി സാധനങ്ങൾ തീർന്നു. ഇതിനായി സർക്കാർ നൽകാനുള്ള കുടിശിക 1000 കോടിയിലേറെ.

കുടിശിക കൂടിയതോടെ വിതരണക്കാർ സാധനങ്ങൾ വിതരണം ചെയ്യുന്നത് നിറുത്തി. വലിയ കോടികൾ ചോദിച്ചാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് കൈമലർത്തും. ഇതിന് പോംവഴിയായി പ്രതിമാസം 30 കോടിവീതം നൽകണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ്. സാമ്പത്തിക പ്രതിസന്ധി ഇതിന് തടസമാകില്ലെന്ന കണക്കുകൂട്ടലിലാണിത്.

മാവേലി സ്റ്റോറുകളിലുൾപ്പെടെ വില്പനകേന്ദ്രങ്ങളിലെ സബ്സിഡി റാക്കുകളിൽ സാധനങ്ങളുടെ പേരെഴുതിയ ബോർഡുകൾ മാത്രമാണുള്ളത്. കുടിശിക ലഭിക്കാതെ ടെൻഡറിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ. ഇതിന് പ്രതിവിധിയെന്നോണമാണ് പ്രതിമാസ സഹായം ആവശ്യപ്പെട്ടത്.

എഫ്.സി.ഐ ഗോഡൗണുകളിൽ അധികമുള്ള ധാന്യങ്ങൾ കുറഞ്ഞ വിലയ്ക്കു മൊത്ത വ്യാപാരികൾക്കു നൽകുന്ന ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീം (ഒ.എം.എസ്.എസ്) ലേലത്തിൽ പങ്കെടുക്കാൻ സപ്ലൈകോയ്ക്ക് വീണ്ടും അവസരം ലഭിച്ചതോടെ അരിക്ക് ക്ഷാമമില്ല. മന്ത്രി ജി.ആർ.അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണിത്. ഒ.എം.എസ്.എസ് വഴി കിലോഗ്രാമിന് 24-25 രൂപ നിരക്കിലാണ് അരി ലഭ്യമാകുന്നത്. മട്ട, കുറവ അരി 30 രൂപ, 'ജയ' 29നുമാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ ലഭ്യമാക്കുന്നത്. സ്വകാര്യ മില്ലുടമകളിൽ നിന്ന് 34-35 രൂപയ്ക്കാണ് സപ്ലൈകോ അരി വാങ്ങുന്നത്.

500 കോടി ചോദിച്ചു

കിട്ടിയത് 125 കോടി

സബ്സിഡി കുടിശികയിൽ 500 കോടി രൂപ വേണമെന്നാവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് ധനവകുപ്പിന് ആദ്യ കത്തയച്ചത് കഴിഞ്ഞ വർഷം നവംബറിൽ. ഓണത്തിനു തൊട്ടുമുമ്പുവരെ നിരന്തരം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ഒടുവിൽ സി.പി.ഐ നേതൃത്വം രംഗത്തിറങ്ങിയതോടെ ഓണത്തിന് അടിയന്തര സഹായമായി 225 കോടി അനുവദിച്ച് ഉത്തരവിറക്കി. എന്നാൽ, ഇതുവരെ ലഭിച്ചത് 125 കോടി മാത്രം.

1340 കോടി

സബ്സിഡി ഇനങ്ങൾക്ക് സർക്കാർ

നൽകാനുള്ള കുടിശിക

600 കോടി

സപ്ളൈകോ വിതരണക്കാർക്ക് കൊടുക്കാനുള്ളത്