തിരുവനന്തപുരം: പൊലീസിന്റെ നിരീക്ഷണ സർവേ ലെൻസ് അല്പം കുറഞ്ഞപ്പോൾ അടങ്ങിയിരിക്കുന്ന ഗുണ്ടാ സംഘങ്ങൾ വീണ്ടും തലപൊക്കുന്നു.കുപ്രസിദ്ധ ഗുണ്ടകളുടെയും കൊടുംകുറ്റവാളികളുടെയും നീക്കങ്ങൾ അന്വേഷിക്കുന്നതിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം വീണ്ടും പരാജയപ്പെടുന്നുവെന്നാണ് സംസാരം.ഗുണ്ടാ സംഘങ്ങളുടെ താവള കേന്ദ്രങ്ങളായ കരമന,പാപ്പനംകോട് എന്നിവിടങ്ങളിൽ ഗുണ്ടാ ഒത്തുചേരൽ പോലും മനസിലാക്കാൻ പൊലീസിന് കഴിയുന്നില്ല.ഓപ്പറേഷൻ ആഗ് എന്ന പേരിൽ ഗുണ്ടകളെ അമർച്ച ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും അതിപ്പോൾ നിലച്ച മട്ടാണ്.കരമനയും പരിസരപ്രദേങ്ങളിലും ഗുണ്ടാസംഘങ്ങൾ വീണ്ടും സംഘം ചേർന്ന് തമ്പടിക്കുന്നു.ഇതിന് തെളിവാണ് മദ്യലഹരി പാർട്ടിയെ സംബന്ധിച്ച് അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ നടന്ന ആക്രമണം.പലപ്പോഴും ഇവരിവിടെ ഒത്തുചേരുന്നു.അക്രമങ്ങൾ നടത്തുന്നു.പലരും ജീവൻ ഭയന്ന് പൊലീസിൽ പരാതി നൽകുന്നില്ല.കൊടുംകുറ്റവാളികളും കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയവരുമാണ് പ്രതികൾ.സ്ഥിരം റൗഡി ലിസ്റ്റിലുള്ള ഇവർക്ക് മേലുള്ള നിരീക്ഷണം പൊലീസിന് കൃത്യമായി ഉറപ്പിക്കാൻ കഴിയുന്നില്ല.ഒരിടവേളയ്ക്ക് ശേഷം വീണ്ടും ലഹരി,ഗുണ്ടാ സംഘങ്ങൾ നഗരത്തിൽ തലപൊക്കി തുടങ്ങിയിട്ടുണ്ട്.

കൃത്യമായ നിരീക്ഷണവും

കാപ്പ ചുമത്തലുമില്ല

കാപ്പ ചുമത്തി നാടുകടത്തിയ ശേഷവും തിരിച്ചെത്തിയവർ, കാപ്പ ചുമത്താൻ തീരുമാനിച്ചിട്ടും മുങ്ങി നടക്കുന്നവർ, പിടികിട്ടാപ്പുള്ളികൾ, വാറന്റ് പ്രതികൾ, ലഹരി വില്പനക്കാർ തുടങ്ങിയവരുടെ നിരീക്ഷണവും പിടികൂടലും പൊലീസിന് ദുഷ്കരമായി.സ്റ്റേഷനുകളിൽ അംഗബലം കുറവായത് കാരണം അന്വേഷണം ശക്തമാക്കാനും സാധിക്കുന്നില്ല.കരുതൽ തടങ്കൽ രേഖപ്പെടുത്തി വിട്ടയച്ചവരെ പ്രത്യേകം നിരീക്ഷിക്കണമെന്ന നിർദ്ദേശമുണ്ടെങ്കിലും അത് പ്രാവർത്തികമാകുന്നില്ല.ഗുണ്ടകളുടെ യാത്ര,സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കാനും നടപടിയില്ല.ഗുണ്ടാസംഘങ്ങളാണ് വീണ്ടും തലപൊക്കുന്നത്.ഇവിടങ്ങളിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ കുടിപ്പക നിലനിൽക്കുന്നുണ്ടെന്നും ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിപ്പ് നൽകിയെങ്കിലും അത് പ്രാവർത്തികമാക്കാൻ സാധിച്ചിട്ടില്ല.ഈ വർഷം 74 പേർക്കെതിരെ കാപ്പ ചുമത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്.എന്നാൽ ഇവരെ പിന്നീട് നീരിക്ഷിക്കുന്നതിൽ പൊലീസ് പലപ്പോഴും പരാജയപ്പെടുന്നു.നഗരത്തിലെ ഗുണ്ടാസംഘങ്ങളാണ് ലഹരിക്കടത്തിനും നേതൃത്വം നൽകുന്നത്.കരമന കേന്ദ്രീകരിച്ച് മാത്രം കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ മൂന്ന് കൊലപാതകങ്ങൾ നടന്നിരുന്നു.ഇതെല്ലം ലഹരി ഗുണ്ടാ മാഫിയയുമായി ബന്ധപ്പെട്ടായിരുന്നു.