
തിരുവനന്തപുരം: കോർപ്പറേഷൻ വാർഡ് വിഭജനത്തിൽ ഇല്ലാതായപെരുന്താന്നി വാർഡിനെ സംരക്ഷിക്കുന്നതിനായി വാർഡ് കൗൺസിലർ പി. പത്മകുമാറിന്റെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ ചേർന്ന് സമര പരിപാടികൾക്ക് രൂപം നൽകി.
7500 വോട്ടർമാരുള്ള പെരുന്താന്നി വാർഡിനെ സമീപവാർഡുകളുമായി കൂട്ടിച്ചേർത്ത് ഇല്ലാതാക്കിയതിനെതിരെ കൺവെൻഷൻ പ്രമേയം പാസാക്കി.
ചരിത്ര പ്രാധാന്യമുള്ള പെരുന്താന്നി വാർഡിനെ ഇല്ലാതാക്കിയത് അനീതിയാണെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ പറഞ്ഞു. നിയമപോരാട്ടത്തിലൂടെയാണെങ്കിലും പെരുന്താന്നി വാർഡിനെ നിലനിറുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.സി.ലി ജനറൽ സെക്രട്ടറി ജി.എസ്.ബാബു,സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പെരുന്താന്നി രാജു,മുൻ കൗൺസിലർമാരായ പെരുന്താന്നി വിജയൻ,ഐ.ചിഞ്ചു,എസ്.ആർ.കൃഷ്ണകുമാർ,രാമചന്ദ്രൻ,പ്രകാശ്,അശോക് കുമാർ,ഫ്രാറ്റ് ഭാരവാഹി ശൂരനാട് ചന്ദ്രശേഖരൻ,കെ.ബാഹുലേയൻ നായർ,കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് രത്നമ്മ,ഗോപകുമാർ, ബിജു എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.
27ന് വൈകിട്ട് ഈഞ്ചക്കലിൽ പ്രതിഷേധ സായാഹ്ന കൂട്ടായ്മ സംഘടിപ്പിക്കാനും വാർഡിലെ റസിഡന്റ്‌സ് അസോസിയേഷൻ അടക്കമുള്ള സംഘടനകൾ വഴി അധികാരികൾക്ക് പരാതി നൽകാനും തീരുമാനിച്ചു. തുടർ പരിപാടികളുടെ നടത്തിപ്പിനായി പെരുന്താന്നി വാർഡ് സംരക്ഷണ സമിതി രൂപീകരിച്ചു. ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ മുഖ്യ രക്ഷാധികാരിയും ജി.എസ്. ബാബു,പെരുന്താന്നി രാജു,ഐ.ചിഞ്ചു,പെരുന്താന്നി വിജയൻ,രത്നമ്മ എന്നിവർ രക്ഷാധികാരികളായും കൗൺസിലർ പി.പത്മകുമാർ ചെയർമാനായും 101 പേരടങ്ങിയ കമ്മിറ്റിക്ക് രൂപം നൽകി.
ചാക്ക വാർഡ്
വിഭജിച്ചതിനെതിരെ പരാതി
ചാക്ക വാർഡ് വിഭജിച്ച് മറ്റ് വാർഡിലേക്ക് കൂട്ടിച്ചേർത്തതിൽ സി.പി.എം പ്രവർത്തകരുടെ പരാതി. സി.പി.എം വഞ്ചിയൂർ ഏരിയാ കമ്മിറ്റിക്കാണ് പരാതി ലഭിച്ചത്. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന വാർഡാണിതെന്നും വിഭജനം വന്നപ്പോൾ എസ്.എൻ.നഗർ,അജന്ത പുള്ളി ലെയ്ൻ ഉൾപ്പെടെ ഇടതുപക്ഷ സ്വാധീന സ്ഥലം വാർഡിൽ നിന്ന് ഒഴിവാക്കി, കോൺഗ്രസിന് സ്വാധീനമുള്ള ഓൾസൈയിന്റ്സ്,എയർപോർട്ട് ഭാഗങ്ങൾ കൂട്ടിച്ചേർത്തെന്നുമാണ് പരാതി. ബി.ജെ.പി സ്വാധീനം കൂടിയുള്ള വാർഡ് അടുത്ത തിരഞ്ഞെടുപ്പിൽ കൈവിട്ട് പോകുമെന്നും പരാതിയുണ്ട്.