പാലോട്: വേറിട്ട മാതൃകയിലൂടെയും പ്രവർത്തനങ്ങളിലൂടെയും ജില്ലയിൽ തുടർച്ചയായി ജൈവകൃഷിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമമാണ് നന്ദിയോട്. കൂടാതെ പെരിങ്ങമ്മല,ആനാട് നന്ദിയോട് എന്നീ പഞ്ചായത്തുകളിലെ കൃഷിരീതിയും ശ്രദ്ധേയമാണ്.
സർക്കാർ ഓഫീസുകൾ, ആശുപത്രി പരിസരം, സ്കൂൾ കോളേജ് പുരയിടം എന്നിവിടങ്ങളിലെ തരിശുകിടക്കുന്ന പ്രദേശങ്ങളുൾപ്പെടെ പച്ചക്കറി കൃഷിയാണ്. കാബേജ്,കത്തിരി,സ്ട്രോബറി,വഴുതന, ചെറുകിഴങ്ങ്,ചീര,അഗസ്തിചീര,വെണ്ട,ചേന,കപ്പ,ചോളം എന്നിവയോടൊപ്പം കുറ്റിമുല്ലയും,പലയിനം ഓർക്കിഡുകൾ,സൂര്യകാന്തി,മുല്ല,വിവിധയിനം അലങ്കാര പുഷ്പങ്ങൾ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. ഇവർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണിയുമുണ്ട്.
എന്നാൽ പ്രതിസന്ധിയാകുന്നത് വന്യമൃഗശല്യമാണ്. നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വന്യമൃഗശല്യം നിയന്ത്രണാതീതമാണ്. സന്ധ്യയായാൽ കൃഷിയിടങ്ങൾ കാട്ടുപന്നി, ആന, മ്ലാവ്, കാട്ടുപോത്ത് എന്നിവയുടെ കൈയിലാകും. ഇവ റബ്ബർ,വാഴ,മരിച്ചീനി,പച്ചക്കറികൾ തുടങ്ങി എല്ലാം നശിപ്പിക്കും. പുലർച്ചെ റബർ ടാപ്പിംഗിന് എത്തുന്നവരും ആക്രമണത്തിന് ഇരയാകാറുണ്ട്.
വിദ്യാർത്ഥികളും ബുദ്ധിമുട്ടിൽ
ഞാറനീലി, ഇലഞ്ചിയം, പനങ്ങോട് ഭാഗങ്ങളിൽ പന്നിയുടെ ആക്രമണത്തിന് ഇരയായവരിൽ സ്കൂൾ വിദ്യാർത്ഥികളുമുണ്ട്. ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിൽ എത്തുന്നവരാണ് ആക്രമണത്തിന് ഇരയാകുന്നത്. കാലൻകാവ്,നാഗര,ഓട്ടുപാലം,പച്ച, വട്ടപ്പൻകാട്,കരിമ്പിൻകാല,സെന്റ് മേരീസ്,ഇടവം,പേരയം,ആനകുളം,ഇടിഞ്ഞാർ തുടങ്ങിയ ഭാഗങ്ങളിൽ പകൽ സമയങ്ങളിലും പന്നികൾ കൂട്ടത്തോടെ എത്താറുണ്ട്.
കൃഷിനാശവും
നന്ദിയോട് വിതുര റൂട്ടിൽ നവോദയ സ്കൂളിന് സമീപവും വലിയ താന്നിമൂട് വളവിലും, മൈലമൂട് റൂട്ടിലും, നാഗരയിലും അറവുമാലിന്യം സാമൂഹ്യവിരുദ്ധർ തള്ളുന്നതിനാൽ പന്നികൾ കൂട്ടത്തോടെയാണ് എത്തുന്നത്. കൂടാതെ കുരങ്ങുകളും കൃഷി നശിപ്പിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ അറവ്മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരമായിട്ടില്ല. പെരിങ്ങമ്മലയിലെ പാടശേഖരത്തിൽ കൂട്ടമായി എത്തിയ കാട്ടുപന്നികളിറങ്ങി നെൽകൃഷി നശിപ്പിച്ചു. അൻപതിനായിരത്തോളം രൂപയുടെ കൃഷിനാശമാണ് കർഷകർക്കുണ്ടായത്. 8 ഏക്കർ സ്ഥലത്ത് 45 കർഷകർ ചേർന്ന് നെൽക്കൃഷി ആരംഭിച്ചത്. 15 ലക്ഷം രൂപ ചെലവഴിച്ച് ഫെൻസിംഗ് നിർമ്മിച്ചിട്ടും പന്നി ശല്യത്തിന് അറുതിയായിട്ടില്ല.