തിരുവനന്തപുരം: ക്ഷേത്രത്തിലെ സ്റ്റോർറൂമും മൂന്ന് കാണിക്കവഞ്ചികളും കുത്തിപ്പൊളിച്ച് 2 പവനും ഇരുപതിനായിരം രൂപയും കവർന്നു. അമ്പലമുക്ക് എൻ.സി.സി റോ‌ഡ് രാമപുരം ലെയ്‌ൻ മാരിയമ്മൻ ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സ്റ്റോർ റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവന്റെ നെക്‌ലസും 15 താലികളും സ്വർണപ്പൊട്ടുകളുമാണ് നഷ്ടമായത്. പുലർച്ചെ ക്ഷേത്രത്തിന് സമീപം മൂന്ന് ഓട്ടോറിക്ഷകൾ പാഞ്ഞുപോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ വീടിന്റെ സി.സി ടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചു.രാവിലെ ജോലിക്ക് പോകാൻ ക്ഷേത്രനടയിലൂടെ പോകുമ്പോൾ സ്റ്റോർറൂം അടക്കം എല്ലാ വാതിലുകളും തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപവാസിയായ യുവാവ് ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ്‌സ്ക്വാഡും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.