
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് ചെലവായ തുക മടക്കിക്കിട്ടാനുള്ള റീ ഇമ്പേഴ്സ്മെന്റ് സൗകര്യം സർക്കാർ പുന:സ്ഥാപിച്ചത് മെഡിസെപ്പിന്റെ ഭാഗമായ ഇൻഷ്വറൻസ് കമ്പനി കൈവിട്ടതോടെയെന്ന് സൂചന. നിലവിൽ ലഭിച്ച പ്രീമിയത്തേക്കാൾ കൂടുതൽ തുക ക്ലെമായി നൽകേണ്ടി വന്നതോടെ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി നിയന്ത്രണം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ ക്ലെയിമുകൾ തടയുകയും വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ഇത് വലിയ പരാതികൾക്ക് ഇടയാക്കി. ഇൻഷ്വറൻസ് കമ്പനിയുമായി അടുത്ത ജൂൺവരെ കരാറുണ്ടെങ്കിലും ഈ രീതി തുടരുന്നത് സർക്കാരിന് തിരിച്ചടിയാകും. മെഡിസെപ്പുമായി ബന്ധപ്പെട്ട് മന്ത്രി കെ.എൻ.ബാലഗോപാൽ വിളിച്ച സർവീസ് സംഘടനാ നേതാക്കളുടെ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലും കമ്പനി സർക്കാരിനെ അറിയിച്ച ആശങ്കകൾ വിശദീകരിച്ചിരുന്നു.
ഈ നിലയിൽ അടുത്തവർഷം കരാർ ഏറ്റെടുക്കാൻ കമ്പനികൾ ആരെങ്കിലും തയ്യാറാകുമോയെന്ന ആശങ്കയും യോഗത്തിൽ ഉയർന്നു. പിന്നാലെ മെഡിസെപ്പ് തുടരുന്നത് സംബന്ധിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയും രൂപീകരിച്ചു. അതിനിടെയാണ് റീ ഇമ്പേഴ്സ്മെന്റ് തിരികെ കൊണ്ടുവന്നത്. മെഡിസെപ്പ് കൊണ്ടുവന്നതോടെ റീ ഇമ്പേഴ്സ്മെന്റ് സർക്കാർ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇതാണ് പുതിയ ഉത്തരവിലൂടെ മാറ്രിയത്. പരാതികൾ ഏറുന്നത് ഒഴിവാക്കാൻ കൂടിയാണിത്.
പരിധി കഴിഞ്ഞാലും
റീ ഇമ്പേഴ്സ്മെന്റ്
മെഡിസെപ്പിലെ പരിരക്ഷാ പരിധി കടന്നതിനാൽ ആനുകൂല്യം ലഭിക്കാതെ വന്നാൽ റീ ഇമ്പേഴ്സ്മെന്റ് ലഭിക്കും
മെഡിസെപ്പ് പ്രകാരം ലഭ്യമല്ലാത്ത ചികിത്സകൾക്ക് ഏത് സ്വകാര്യ ആശുപത്രികളിലും റീ ഇമ്പേഴ്സ്മെന്റ്
കേരള ഗവൺമെന്റ് സെർവന്റ്സ് മെഡിക്കൽ അറ്റൻഡൻസ് ചട്ടം (കെ.ജി.എസ്.എസ്.എം.എ) പ്രകാരം എംപാനൽ ചെയ്ത ആശുപത്രികളിലെ ചികിത്സയ്ക്കാണ് ലഭിക്കുക
മെഡിസെപ്പിന്റെ പരിധിയിലില്ലാത്ത ആയുർവേദം, ഹോമിയോ ചികിത്സകൾക്കും ലഭിക്കും
ഒരേ ചികിത്സയ്ക്ക് ഒരേസമയം മെഡിസെപ്പും റീ ഇമ്പേഴ്സ്മെന്റും അവകാശപ്പെടാനാവില്ല