ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവള പരിധിയിൽ ഉയരനിയന്ത്രണം കാറ്റിൽപ്പറത്തി അനധികൃത കെട്ടിട നിർമ്മാണം വ്യാപകമെന്ന് ആക്ഷേപം.വിമാനങ്ങളുടെ സുഗമമായ ലാൻഡിംഗിന് നിർമ്മിതികളുടെ ഉയരനിയന്ത്രണം കർശനമാക്കണമെന്ന ഡയറക്ടറേറ്റ് ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) പുറപ്പെടുവിച്ച നിർദ്ദേശം ലംഘിച്ചാണ് നിർമ്മാണം.അടിമലത്തുറ മുതൽ കഠിനംകുളം വരെയുള്ള 20 കിലോമീറ്ററോളം വരുന്ന പ്രദേശത്തെ പൂജ്യം മീറ്റർ മുതൽ 110 മീറ്റർ വരെ ഉയരപരിധി നിശ്ചയിച്ച് ഒൻപത് നിറങ്ങൾ നൽകി കളർ സോണാക്കിയാണ് തരം തിരിച്ചിരിക്കുന്നത്. പൂജ്യം മീറ്റർ പരിധിയിൽ വരുന്ന വിമാനത്താവളത്തിന്റെ പരിസരങ്ങളിൽ എയർപോർട്ട് അതോറിട്ടിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ നിർമ്മാണം തുടങ്ങാൻ പാടുള്ളൂവെന്നാണ് ചട്ടം. കളർസോണിലുൾപ്പെട്ട മറ്റു സ്ഥലങ്ങളിലെ കെട്ടിടങ്ങൾ ഡി.ജി.സി.എ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണം.ഈ മാനദണ്ഡങ്ങളിൽ പറയുന്നതിലും ഉയർന്ന് നിൽക്കുന്നവ മാറ്റണമെന്ന് നോട്ടീസ് നൽകിയിട്ടും പലരും തയ്യാറാകുന്നില്ലെന്ന് അധികൃതർ പറയുന്നു. വിമാനങ്ങളുടെ ലാൻഡിംഗിനും ടേക്ക്ഓഫിനും തടസമായി ടൈറ്റാനിയം ഫാക്ടറിയിലുള്ള ചിമ്മിനിയുടെ ഉയരം കുറയ്ക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും തയ്യാറായിട്ടില്ല.
വിമാനത്താവളത്തിന്റെ ചുറ്റളവിൽ 1064 തടസങ്ങളുണ്ടെന്നും ഇത് 647 പേരുടെ ഉടമസ്ഥതയിലുള്ളതാണെന്നും ചൂണ്ടിക്കാട്ടി മാസങ്ങൾക്ക് മുമ്പ് ഡി.ജി.സി.എ നോട്ടീസ് നൽകിയിരുന്നു.തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെയും വൃക്ഷങ്ങളുടെയും ഉയരം,വസ്തുവിന് സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം,എയ്റോഡ്രോം റഫറൻസിൽ നിന്നുള്ള അകലം,കെട്ടിടങ്ങളുടെ നിർമ്മാണരീതി തുടങ്ങിയ കാര്യങ്ങൾ അറിയിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്.
ഇതിനുപിന്നാലെ കൂടുതൽ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി നിയന്ത്രണം ശക്തമാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.കൂടുതൽ സ്ഥലങ്ങളിലേക്ക് കൂടി നിയന്ത്രണം വരുമ്പോൾ എയർപോർട്ട് അതോറിട്ടിയുടെ നിരാക്ഷേപപത്രം (എൻ.ഒ.സി) ഉണ്ടങ്കിൽ മാത്രമേ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയൂ.