1

വിഴിഞ്ഞം: നാടും നഗരവും കാണാൻ സൈക്കിളിൽ കുന്നും മലകളും താണ്ടി വിദേശി സംഘം. 15 ദിവസംകൊണ്ട് 1400 കിലോമീറ്റർ താണ്ടാനാണ് സംഘത്തിന്റെ ലക്ഷ്യം. 4 വനിതകളടക്കം 10 സൈക്കിൾ യാത്രികരും 5 സഹായികളുമാണ് സംഘത്തിലുള്ളത്. യു.എസ്, നെതർലാന്റ്, ന്യൂസ് ലാന്റ്, യു.കെ സ്വദേശികളാണ് ഇവർ. മൂവാറ്റുപുഴയിലെ സ്ഥാപനം നൽകിയ സൈക്കിളിലാണ് യാത്ര.

ഹിമാചൽ പ്രദേശിലെ മാജിക് മൗണ്ടൻ എന്ന സ്ഥാപനമാണ് സംഘാടകർ. ഇവരുടെ ഗൈഡായ തൊടുപുഴ സ്വദേശി ഫൈസലാണ് ടൂർലീഡർ, ഇവർക്കൊപ്പം വാഹനവുമായി അലപ്പുഴ സ്വദേശി ജമാലുമുണ്ട്. യാത്രയിൽ ഇവർക്ക് തങ്ങാനുള്ള ഹോട്ടലും മറ്റും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് കോവളം ഉദയ സമുദ്ര ഹോട്ടലിൽ നിന്നും ആരംഭിച്ചയാത്ര തുറമുഖവും ഹാർബറും ചുറ്റിക്കറങ്ങി ചൊവ്വരവരെ പോയ ശേഷം തിരികെ കോവളത്ത് സമാപിച്ചു. ഇന്ന് രാവിലെ 11.30നുള്ള ട്രെയിനിൽ സംഘം മധുരയിലേക്ക് പോകും. നാളെ മധുര മീനാക്ഷി ക്ഷേത്രം സന്ദർശിച്ച ശേഷം ഡിണ്ഡിഗല്ലിലേക്കും തുടർന്ന് കൊടൈക്കനാലിലേക്കും പോകും. ഡിസംബർ 7ന് ഫോർട്ട് കൊച്ചിയിൽ യാത്ര അവസാനിക്കും.