നെയ്യാറ്റിൻകര: ഗോത്രകലാരൂപങ്ങൾ ഉൾപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് നെയ്യാറ്രിൻകരയിൽ തുടക്കം. അവസാനവട്ട പരിശീലനവും പൂർത്തിയാക്കി അരയും തലയും മുറുക്കി കലാപ്രതിഭകൾ ഇന്നു മുതൽ ഇവിടെ എത്തും. ‌4 രാപകലുകളാൽ നെയ്യാറ്റിൻകര കലോത്സവം ലഹരിയിലമരും. ഗോത്ര കലാരൂപങ്ങളായ മംഗലംകളി, പണിയ നൃത്തം, ഇരുള നൃത്തം, പളിയനൃത്തം, മലപ്പുലയരുടെ ആട്ടം എന്നിവയാണ് പുതുതായി ഉൾക്കൊള്ളിച്ച മത്സരയിനങ്ങൾ.ഇന്ന് രാവിലെ 10 മുതൽ രചനാമത്സങ്ങൾ ആരംഭിക്കും. വൈകിട്ടോടെ വേദിയിൽ ചിലങ്ക മുഴങ്ങും. ഒന്നാംവേദിയിൽ തിരുവാതിര തുടങ്ങുമ്പോൾ രണ്ടാംവേദിയിൽ വഞ്ചിപ്പാട്ടിന്റെ ആവേശമുയരും. മൂന്നും നാലും വേദികളിൽ ആട്ടവിളക്കിന്റെ മനോഹാരിതയിൽ ക്ഷേത്രകലകൾക്ക് കേളികൊട്ടുയരും. കത്തിയും പച്ചയും താടിയുമായി കഥകളിയും പരിഹാസത്തിന്റെ ചാട്ടുളിയുമായി ചാക്യാരും പുരാണകഥകളുമായി നങ്ങ്യാരും കൂടിയാട്ടസംഘവും വേദികൾ കീഴടക്കും. പഞ്ചവാദ്യം, തായമ്പക, ചെണ്ടമേള മത്സരങ്ങളും ആദ്യദിനം തന്നെ മേളക്കൊഴുപ്പേകും. ഏറെ വർഷങ്ങൾക്ക്‌ശേഷം എല്ലാ വിഭാഗത്തിലും കൂടി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സബ്ജില്ലയ്ക്കും സ്‌കൂളിനുമുള്ള ട്രോഫികൾ ഏർപ്പെടുത്തിയതിനാൽ മത്സരങ്ങൾ വേറെ ലെവലിലാകും. കഴിഞ്ഞവർഷം ആറ്റിങ്ങലിൽ നടന്ന ജില്ലാ കലോത്സവത്തിൽ സൗത്ത്, കിളിമാനൂർ, നോർത്ത് സബ്‌ജില്ലകൾ തമ്മിലായിരുന്നു കടുത്ത മത്സരം. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, സംസ്‌കൃതം യു.പി വിഭാഗങ്ങളിൽ-തിരുവനന്തപുരം സൗത്താണ് കിരീടമണിഞ്ഞത്.

ഉദ്ഘാടന ചടങ്ങ് വൈകിട്ട് 3ന്

ഇന്ന് രാവിലെ 9.30മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. പതിനൊന്നോടെ മുനിസിപ്പൽ ഗ്രൗണ്ടിൽ ബാൻഡ് സംഘങ്ങൾ മത്സരിക്കും. വൈകിട്ട് 3ന് ഉപവിദ്യാഭ്യാസ ഡയറക്ടർ സുബിൻപോൾ പതാക ഉയർത്തും. 200ഓളം കലാകാരന്മാർ അണിനിരക്കുന്ന ദൃശ്യവിസ്മയത്തോടെ പ്രധാനവേദിയിൽ കലാപരിപാടികൾ തുടങ്ങും. മൂന്നരയക്ക് മന്ത്രി ജി.ആർ. അനിൽ കലോത്സവത്തിന് തിരിതെളിക്കും. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനാകും.