തിരുവനന്തപുരം: പതിനായിരക്കണക്കിന് വിശ്വാസികളുടെ പ്രാർത്ഥനകളോടെയും ഭക്തിനിർഭരമായ പൊന്തിഫിക്കൽ സമൂഹ ദിവ്യബലിയോടെയും വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ കർമ്മങ്ങൾ സമാപിച്ചു. ഇന്നലെ വൈകിട്ട് 5.30ന് നടന്ന തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമ്മികത്വം വഹിച്ചു. തിരുനാളിനോട് അനുബന്ധിച്ചുള്ള കുഞ്ഞുങ്ങളുടെ ചോറൂട്ടും സ്നേഹവിരുന്നും ഇന്നലെ നടന്നു. പത്ത് ദിവസം നീണ്ട തിരുനാളിന്റെ കൊടിയിറക്ക് 29ന് നടക്കും.രാവിലെ 5ന് ക്രിസ്തുരാജ സന്നിധിയിൽ നടന്ന സമൂഹ ദിവ്യബലിക്ക് വികാരി ഫാ.വൈ.എം.എഡിസൺ, സഹവികാരിമാരായ ഫാ.ലീൻ, ഫാ.ഹെറിൻ എന്നിവർ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന ദിവ്യബലികൾക്ക് ഫാ.രാജശേഖരൻ, ഫാ.ജോസഫ്, മോൺ യൂജിൻ എച്ച്.പെരേര, ഫാ.ജസ്റ്റിൻ ജൂഡിൻ, ഫാ.ജോസഫ് പെരേര, ഫാ.ജോൺ അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി. ഫാ.ബെർക്കുമാൻസ്, ഡീക്കൻ നിഷാന്ത്, ഫാ.എ.ആർ.ജോൺ, ഫാ.അനീഷ് ഫെർണാണ്ടസ്, ഫാ.ബീഡ് മനോജ്, ഫാ.ജോൺ ബോസ്കോ മാനുവൽ എന്നിവർ വചനം പ്രസംഗിച്ചു. വൈകിട്ട് 5ന് ജപമാല, ലിറ്രിനി എന്നിവയ്ക്ക് ശേഷമായിരുന്നു തിരുനാൾ പൊന്തിഫിക്കൽ സമൂഹ ദിവ്യബലി. ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. തിരുനാളിന്റെ പ്രധാന ദിവസമായ ഇന്നലെ രാവിലെ വെട്ടുകാടും പരിസരവുമെല്ലാം വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. ദേവാലയത്തിലും ക്രിസ്തുരാജ സ്വരൂപത്തിന് മുമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജനത്തിരക്ക് ഏറിയതുമൂലം വേളി- വെട്ടുകാട്- ശംഖുംമുഖം റോഡിൽ വലിയ ഗതാഗതത്തിരക്കുണ്ടായി. പൊലീസും വോളന്റിയർമാരും ഏറെ പണിപ്പെട്ടാണ് വാഹനങ്ങൾ കടത്തിവിട്ടത്.കുഞ്ഞുങ്ങളുടെ ആദ്യ ചോറൂട്ട് രാവിലെ 11നും തീർത്ഥാടകർക്കുള്ള സ്നേഹവിരുന്ന് സെന്റ് മേരീസ് എച്ച്.എസ്.എസിലുമായി നടന്നു. 40,000ൽ അധികം ആളുകൾ സ്നേഹവിരുന്നിൽ പങ്കെടുത്തു.