നെയ്യാറ്റിൻകര: കൂടോത്രം ചെയ്‌തെന്ന് ആരോപിച്ച് അയൽവാസിയായ വൃദ്ധനെ ക്രൂരമായി ആക്രമിച്ച അതിയന്നൂർ വെൺപകൽ പട്ട്യക്കാല സ്വദേശി സന്തോഷ് എന്ന സുരേഷ് കുമാറിനെ (45) നെയ്യാറ്റിൻകര പൊലീസ് അറസ്‌റ്റുചെയ്‌തു. ആക്രമണത്തിനിരയായ വെൺപകൽ പട്ട്യക്കാല വീട്ടിൽ ഗോപിനാഥൻ (72) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതിയെ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ചെറുമകനെ ബസ് സ്‌റ്റോപ്പിലെത്തിച്ച ശേഷം മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. പ്രതി ഇരുമ്പ് കമ്പിയുമായെത്തി ഗോപിനാഥന്റെ തലയ്ക്കടിക്കുകയായിരുന്നു. തലയോട്ടിയിൽ പൊട്ടലും ആന്തരിക രക്തസ്രാവവുമുണ്ട്. വിദേശത്തായിരുന്ന പ്രതി നല്ലൊരു തുക സ്വകാര്യ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചിരുന്നു. കമ്പനി തകർന്നതോടെ പണം നഷ്‌ടപ്പെട്ടു. ഇതിനുകാരണം അയൽവാസിയായ ഗോപിനാഥൻ കൂടോത്രം ചെയ്‌തതെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.