കാട്ടാക്കട: അരുവിക്കര പഞ്ചായത്തിലെ മുണ്ടേല രാജീവ്ഗാന്ധി റസിഡന്റ്സ് വെൽഫെയർ സഹകരണസംഘം പ്രസിഡന്റായിരുന്ന മുണ്ടേല മോഹനന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മക്കൾ. മുണ്ടേല മോഹനന്റെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിട്ടുള്ള ആളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മക്കളായ ഡോ.കൃഷ്ണയും കൃപയും ആവശ്യപ്പെട്ടു. ചെയ്യാത്ത കുറ്റത്തിനാണ് പിതാവ് ആത്മഹത്യ ചെയ്‌തത്. ഡി.ജി.പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് മക്കൾ പറഞ്ഞു.

കോൺഗ്രസിൽ നിന്ന് അടുത്തിടെ സി.പി.എമ്മിൽ ചേർന്ന ജില്ലാപഞ്ചായത്തംഗം വെള്ളനാട് ശശി,ബാങ്കിൽ അന്വേഷണത്തിനെത്തിയ സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ബിനിൽ,സംഘം ചീഫ് അക്കൗണ്ടന്റ് മഞ്ജു,സെയിൽസ് വുമൺ അശ്വതി (മായ),ഡേറ്റാ എൻട്രി ഓപ്പറേറ്റർ അർച്ചന,ജൂനിയർ ക്ലാർക്ക് ശ്രീജ എന്നിവരാണ് മരണത്തിനും ബാങ്കിന്റെ തകർച്ചയ്ക്കും പിന്നിലുള്ളതെന്ന് അച്ഛന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് മക്കൾ പറഞ്ഞു.

'' ഈ ആറുപേർ ചേർന്ന് ഗൂഢാലോചന നടത്തുകയും സംഘം തകരാൻ പോകുന്നുവെന്ന് പ്രചരിപ്പിച്ച് നിക്ഷേപകരെ വിളിച്ചുവരുത്തി പണം പിൻവലിപ്പിക്കുകയും ചെയ്‌തെന്നാണ് കുറിപ്പിലുള്ളത്. സംഘത്തിലെ നാല് ജീവനക്കാരെ ഉപയോഗിച്ചാണ് ജില്ലാ പഞ്ചായത്തംഗം ബാങ്കിനെതിരെ കഥകൾ മെനഞ്ഞത്. കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിൽ കോടിക്കണക്കിന് രൂപയാണ് പലരുടെയും പേരുകളിലായി തന്നെക്കൊണ്ട് ലോണെടുപ്പിച്ചത്. ഇതിൽ 80 ശതമാനം തുകയും തന്റെ വസ്തു വകകൾ വിറ്റ് തിരിച്ചടച്ചതായും മോഹനൻ ആത്മഹത്യാക്കുറിപ്പിലെഴുതി.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിലാണ് മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്സ് വെൽഫെയർ സഹകരണസംഘം. പണം പിൻവലിക്കാൻ നിക്ഷേപകർ ദിവസവും സംഘത്തിൽ ബഹളമുണ്ടാക്കുന്നതിനിടയാണ് ഇക്കഴിഞ്ഞ 20ന് മോഹനനെ അമ്പൂരിയിലെ റിസോർട്ടിന് സമീപം തൂങ്ങിമരിച്ചതായി കണ്ടെത്തിയത്.

'തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ബാങ്കിൽ ഒരിടപെടലും നടത്തിയിട്ടില്ല. കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന കാലത്ത് മുണ്ടേല മോഹനനുമായി നല്ല സൗഹൃദമായിരുന്നു. ബാങ്കുമായി അനധികൃതമായ ഇടപാടുകളുണ്ടായിരുന്നില്ല. നിക്ഷേപമുണ്ടായിരുന്നത് പിൻവലിച്ചു. മറ്റു കാര്യങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്.