ശ്രീകാര്യം: മനുഷ്യജീവന് തെല്ലും വില കല്പിക്കാതെ ജനവാസ മേഖലകളിലെ ഓടനിർമ്മാണം അപകടക്കെണിയാകുന്നു. ഒന്നുകിൽ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ അല്ലെങ്കിൽ മൂടിയില്ലാത്ത ഓടകൾ എന്നതാണ് മിക്കയിടത്തേയും സ്ഥിതി. ജനവാസ മേഖലയിലെ ഓടകൾ സ്ലാബിട്ട് മൂടണമെന്ന കോടതി ഉത്തരവുകൾ നിലനിൽക്കെയാണ് ബന്ധപ്പെട്ടവരുടെ ഇത്തരത്തിലെ അലംഭാവം. കഴിഞ്ഞ ദിവസം ശ്രീകാര്യം കല്ലംപള്ളിയിൽ 72 കാരിയായ വീട്ടമ്മ കാൽ വഴുതി സമീപത്തെ ഓടയിൽ തലയിടിച്ച് വീണ് ദാരുണമായി മരിച്ച സംഭവമാണ് ഒടുവിലത്തേത്. ഈ പ്രദേശത്ത് നിർമ്മിച്ച ഓടകൾക്ക് ഒന്നര മീറ്ററിലേറെ ആഴമുണ്ട്. ഊറ്റുള്ളതിനാൽ ഓടയിലെപ്പോഴും വെള്ളമുണ്ടാകും. ഇപ്പോൾ സമീപപ്രദേശങ്ങളെല്ലാം ജനവാസ മേഖലകളായി മാറിയതിനാൽ ഈ റോഡിൽ എപ്പോഴും വാഹനങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അപകടം നടന്ന ഓടയിൽ നേരത്തെ സ്ലാബുകൾ ഇട്ടിരുന്നെങ്കിലും ചിലരുടെ സൗകര്യാർത്ഥം മാറ്റിയിടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.അപകടം നടന്ന ഇതേ സ്ഥലത്ത് ദിവസങ്ങൾക്ക് മുമ്പ് ഒരു ഇന്നോവ കാറിന്റെ ടയറുകൾ അകപ്പെട്ടിരുന്നു. ശ്രീകാര്യം ജംഗ്ഷനിലും ഇതേ അവസ്ഥയാണ്. ഫ്ലൈ ഓവറിന്റെ നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലത്തെ പ്രധാന റോഡിനോട് ചേർന്ന ഓടകളിലെ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞാണ് കിടക്കുന്നത്. നിരവധി സ്ത്രീയാത്രക്കാരുൾപ്പെടെ ഇതിൽ അകപ്പെട്ടിട്ടും സ്ലാബുകൾ നീക്കം ചെയ്യാൻ യാതൊരു നടപടിയുമുണ്ടായിട്ടില്ല.